ഞൊടിയിടയില്‍ പകരും, ലക്ഷണമില്ലെങ്കിലും ഒരാളില്‍ നിന്ന് 18 പേരിലേക്ക് വ്യാപിക്കും; ഒമിക്രോണ്‍ ബിഎഫ്.7; പുതിയ കോവിഡ് വൈറസ് വകഭേദത്തെക്കുറിച്ച്

ഞൊടിയിടയില്‍ പകരും, ലക്ഷണമില്ലെങ്കിലും ഒരാളില്‍ നിന്ന് 18 പേരിലേക്ക് വ്യാപിക്കും; ഒമിക്രോണ്‍ ബിഎഫ്.7; പുതിയ കോവിഡ് വൈറസ് വകഭേദത്തെക്കുറിച്ച്ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. അവിടെയെല്ലാം ഉള്ള ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞ് കവിയുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചൈനയില്‍ സ്ഥിരീകരിച്ച പുതിയ വൈറസ് വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് ഒമിക്രോണ്‍ ബിഎഫ്.7 സ്ഥിരീകരിച്ചത്. നിലവിലെ സ്ഥിതി ഭീതിപ്പെടുത്തുന്നില്ലെങ്കിലും പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതും വളരെ ചുരുങ്ങിയ ഇന്‍കുബേഷന്‍ കാലയളവ് മാത്രമുള്ളതുമാണ്. 

വളരെപ്പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പുതിയ വൈറസ് വകഭേദം പിടിപെടും. ചൈനയില്‍ മാത്രം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 60 ശതമാനം ആളുകള്‍ വൈറസ് ബാധിതരാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും പ്രധാന കാരണം. വിമാനയാത്രയില്‍ വൈറസ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വരും മാസങ്ങളില്‍ ചൈനയില്‍ പുതിയ കോവിഡ് വകഭേദം ബാധിച്ച് ലക്ഷക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

ഇതുവരെ സ്ഥിരീകരിച്ച കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യാപനശേഷി ഉള്ളതാണ് ഒമിക്രോണ്‍ ബിഎഫ്.5.2.1.7. ഈ വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് ചുറ്റുമുള്ള 10 മുതല്‍ 18പേര്‍ക്കുവരെ വൈറസ് പിടിപെടാം. വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഇത് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. വാക്‌സിന്‍ എടുക്കാത്തവര്‍രെയും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, കാന്‍സര്‍, ഹൃദ്രോഗം മുതലായ അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ പ്രതിരോധ ശേഷി കുറഞ്ഞവരെയും വൈറസ് പെട്ടെന്ന് കീഴടക്കും. 

ലക്ഷണങ്ങള്‍:

പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശരീരവേദന മുതലായ പതിവ് ലക്ഷണങ്ങള്‍ തന്നെയാണ് പുതിയ വകഭേദം ബാധിച്ചവരിലും കാണുന്നത്. ഇതിനുപുറമേ വയറുവേദന വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും രോഗികളില്‍ കണ്ടുവരുന്നുണ്ട്. വൈറസ് ബാധിച്ച ഒരാള്‍ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും 10-18 പേര്‍ക്ക് വൈസ് പകരാം. 

ശരിയായ വ്യക്തിശുചിത്വം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്നതാണ് പുതിയ വകഭേദത്തില്‍ നിന്ന് സുരക്ഷ നേടാന്‍ ചെയ്യേണ്ടത്. മുമ്പ് കോവിഡ് ബാധിച്ചവര്‍ വൈറസിനെതിരെ പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ കൈകള്‍ കഴുകി രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്