ഗുരുവായൂരപ്പന് 1,737 കോടിയുടെ ബാങ്ക് നിക്ഷേപം; സ്വന്തമായി 271 ഏക്കര്‍ ഭൂമി, സ്വത്ത് വിവരം പുറത്ത്

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്.

അതേസമയം, രത്‌നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ് വെളിപ്പെടുത്താത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയില്‍ വ്യക്തമാക്കി. ഇതിനെതിരെ എം കെ ഹരിദാസ് അപ്പീല്‍ നല്‍കി.

ക്ഷേത്ര വികസനത്തില്‍ ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്നാണ് സ്വത്തിനെ കുറിച്ച് അറിയാന്‍ വിവരാവകാശം നല്‍കിയതെന്ന് ഹരിദാസ് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഹരിദാസിന്റെ ആരോപണങ്ങളോ്ട് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.