*ഓപ്പറേന്‍ ഷവര്‍മ്മയില്‍ 162 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, ഓപ്പറേഷന്‍ ഓയിലില്‍ 41 കേസ്; ഭക്ഷ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി
പഴകിയ മത്സ്യത്തിന്റെ വില്‍പന തടയുന്നതിനായി ഇതുവരെ 7516 പരിശോധനകള്‍ നടത്തി*
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധനകള്‍ നടത്തി. 955 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെത്തു.ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വെളളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.
201 കടകളില്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പഴകിയ മത്സ്യത്തിന്റെ വില്‍പന തടയുന്നതിനായി ഇതുവരെ 7516 പരിശോധനകള്‍ നടത്തി. പരിശോധനയില്‍ 29,000 കിലോയിലേറെ പഴകിയ മത്സ്യം പിടികൂടി. പരിശോധന തുടരുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 75230 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തിയത്. ഈ പരിശോധനയില്‍ 11407 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 583 സാമ്പിളുകള്‍ അണ്‍ സേഫായി കണ്ടെത്തി. 307 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡ് ആയിരുന്നു. 237 സാമ്പിളുകള്‍ സബ് സ്റ്റാന്‍ഡേര്‍ഡായും.