◾ഗുജറാത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ ബിജെപിക്കു ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടമായി. ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയാണു ബിജെപി ഭരണം. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 16 സീറ്റിലേക്ക് ഒതുങ്ങി. അഞ്ചു സീറ്റുമായി അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇളക്കി മറിച്ചു പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൈക്കലാക്കി. ബിജെപിക്ക് റിക്കാര്‍ഡ് നേട്ടമുണ്ടാകാന്‍ കാരണമിതാണ്. മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും. 12 ന് ഉച്ചയ്ക്കു രണ്ടിനാണ് സത്യപ്രതിജ്ഞ.
◾ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളുമായി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കി. മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവച്ചു. കുതിരക്കച്ചവടം തടയാന്‍ വിജയികളെ കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കു കൊണ്ടുപോകും. 68 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 35 പേരുടെ പിന്തുണ വേണം. ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിജെപി 45 സീറ്റാണ് നേടിയത്.
◾കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം സെനറ്റ് നാമനിര്‍ദേശം ചെയ്യണമെന്ന് ഹൈക്കോടതി. ആരെയും നോമിനേറ്റ് ചെയ്തില്ലെങ്കില്‍ ചാന്‍സലര്‍ക്ക് യുജിസി ചട്ടപ്രകാരം വിസി നിയമനത്തിനുള്ള നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സെനറ്റ് അംഗം എസ് ജയറാം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾മദ്യത്തിന്റെ വില്‍പന നികുതി നാലു ശതമാനം വര്‍ദ്ധിപ്പിക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പരമാവധി 20 രൂപയേ വില വര്‍ധിക്കൂവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. ജനങ്ങളില്‍ നികുതി അടിച്ചേല്‍പിച്ച് മദ്യ കമ്പനികള്‍ക്ക് 170 കോടി രൂപ ലാഭമുണ്ടാക്കി കൊടുക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ വര്‍ഷം 23 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
◾സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോടു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കു വേണ്ടാത്ത കെ.റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും സുധാകരന്‍ പറഞ്ഞു.
◾തുടര്‍ ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് അനുമതിയില്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു വാക്കൗട്ടിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾കേസില്‍നിന്ന് കോടതിയും പോലീസും ഒഴിവാക്കിയതോടെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സാധ്യത. ഭരണഘടനയെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും.
◾സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഡോ. സിസ തോമസിനെ താല്‍കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.
◾അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കാട്ടില്‍നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്ഐആറില്‍ പറയുന്ന ഏഴുപേര്‍ കാട്ടില്‍ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഗളി മുന്‍ ഡിവൈഎസ്പി ടി.കെ.സുബ്രഹ്‌മണ്യനെ വിസ്തരിച്ചപ്പോഴാണ് ഈ മൊഴിയുണ്ടായത്. മധുവിനെ കസ്റ്റഡിയിലെടുത്ത അഡീഷനല്‍ എസ്ഐ പ്രസാദ് വര്‍ക്കി എഴുതിയത് കളവാണെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
◾ഗുജറാത്തിലെ ബിജെപിയുടെ വന്‍ വിജയത്തിന് കളമൊരുക്കിയത് ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കെജരിവാളിന്റെ തലയില്‍ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം സഹിതമാണ് സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരോ വ്യാജമായി നിര്‍മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രമാണു സുധീരന്‍ പോസ്റ്റു ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.
◾ലോക്സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് ഗുജറാത്തിലേതെന്ന് മുസ്ലിം ലീഗ്. എന്‍ഡിഎ വിരുദ്ധര്‍ ഭിന്നിച്ചതാണ് കാരണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കേജരിവാള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. മുഴുവന്‍ ജനപ്രതിനിധികളെയും വിലക്ക് വാങ്ങുന്ന ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം തടയണം. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ സഖ്യം അനിവാര്യമാണമെന്നും പിഎംഎ സലാം പറഞ്ഞു.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോടാണു കലോല്‍സവം. 239 ഇനങ്ങളിലായി ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലെ 14000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
◾സംസ്ഥാനത്ത് എട്ടു മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം കേരളത്തിലെത്തി. 2,20,500 പേര്‍ക്കു തൊഴില്‍ ലഭിച്ചെന്നും അവകാശപ്പെട്ടു. മലപ്പുറം, എറണാകുളം ജില്ലകളില്‍ മാത്രം പതിനായിരത്തില്‍ അധികം സംരംഭങ്ങളാണ് തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് കൈവരിക്കാന്‍ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
◾ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക്. വെര്‍ച്വല്‍ ക്യൂ വഴി 93,600 പേരാണ് ഇന്നലെ ദര്‍ശനത്തിനായി ബുക്കു ചെയ്തത്. ഇന്നു ദര്‍ശനത്തിനായി 1,04,200 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഡിസംബര്‍ പന്ത്രണ്ടിനും ഒരു ലക്ഷത്തിലേറെ പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ക്രിസ്മസ് അവധി ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കും.
◾റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നു പരാതിയുമായി 38 പേര്‍. എറണാകുളം എക്സൈസ് റേഞ്ചിലെ സിവില്‍ ഓഫീസര്‍ വടക്കന്‍ പറവൂര്‍ സ്വദേശി എംജി അനീഷിനെതിരെയാണ് പരാതി. 66 പേരില്‍ നിന്ന് രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് എറണാകുളം പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുള്ളത്. റഷ്യയിലെ ഇമ്മാനുവല്‍ എന്ന യുവാവാണ് ജോലി വാഗ്ദാനം ചെയ്ത് അനീഷിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. രണ്ടു ലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ അനീഷ് വാങ്ങിയെന്നാണു പരാതി.
◾കൊല്ലം എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഗൗതം അജിത്, ശരത് എന്നിവരാണു പിടിയിലായത്. മൂന്നു പേര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
◾നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയില്‍ ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തിലേക്കു വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
◾കരിപ്പൂരില്‍നിന്നു റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്കു യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദാണ് പാസ്‌പോര്‍ട്ട് വിമാനത്തില്‍ മറന്നുവച്ചത്.
◾നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകനും യുവ താരവുമായ നിരഞ്ജും ഫാഷന്‍ ഡിസൈനര്‍ നിരഞ്ജനയും തമ്മില്‍ വിവാഹിതരായി. പാലിയം കൊട്ടാരത്തില്‍ നടന്ന വിവാഹത്തില്‍ മമ്മുട്ടി, ജയറാം, ജഗദീഷ്, സുരേഷ് കുമാര്‍, സേതു തുടങ്ങിയവര്‍ പങ്കെടുത്തു.
◾പതിനാറു കാരവനുകളിലായി കേരളം സന്ദര്‍ശിക്കാനെത്തിയ 31 വിദേശ സഞ്ചാരികളെ സ്വീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിന്റെ കാരവന്‍ ടൂറിസത്തെക്കുറിച്ചു മനസിലാക്കി യാത്രയുടെ റൂട്ട് മാറ്റിയാണ് ഇവര്‍ കേരളത്തിലെത്തിയതെന്ന് ഫേസ്ബുക്കില്‍ മന്ത്രി കുറിച്ചു. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 16 കാരവനുകളിലായി വിനോദസഞ്ചാരികള്‍.
◾തിരുവനന്തപുരം ചലച്ചിത്ര മേള കാണാനത്തിയ വിദ്യാര്‍ത്ഥികള്‍ ബുക്കു ചെയ്ത ഹോട്ടല്‍ മുറികള്‍ കോളജ് റദ്ദാക്കിച്ചതോടെ 52 വിദ്യാര്‍ത്ഥികള്‍ താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയിലായി. കോട്ടയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളാണ് ഇങ്ങനെ കുടുങ്ങിയത്. ജാതി വിവേചനം ആരോപിച്ച് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ സമരം നടത്തിയതിനാണ് ഇങ്ങനെ പ്രതികാരം ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
◾പുനലൂരില്‍ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വിളക്കുടി സ്വദേശി നിസാറുദ്ദീനെയാണ് അറസ്റ്റു ചെയ്തത്.
◾വയനാട് മേപ്പാടി പോളി ടെക്നിക്ക് കോളേജിലെ കൂട്ടത്തല്ലില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുകൂടി സസ്പെന്‍ഷന്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ വിഷ്ണു, അഭിനവ് എന്നിവരെയാണു സസ്പെന്‍ഡു ചെയ്തത്. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വിഷ്ണു എസ്എഫ്ഐയുടെ മുന്‍ യൂണിറ്റ് സെക്രട്ടറിയാണ്. ഡിസംബര്‍ 12 ന് കോളേജ് തുറക്കാന്‍ പിടിഎ യോഗം തീരുമാനിച്ചു.
◾താമരശേരിയില്‍ സിനിമ കാണാനെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പുതുപ്പാടി തട്ടൂര്‍ പറമ്പില്‍ കോക്കാട്ട് സെല്‍സ് തോമസ് (35) നെയാണ് താമരശേരി പൊലിസ് പിടികൂടിയത്.
◾ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55 കാരന് ആറു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. കാഞ്ഞിരംകുളം ലൂര്‍ദ്പുരം ചാണിവിള വീട്ടില്‍ കാര്‍ലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്.
◾ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ താക്കീത്. കൊളീജിയം ഈ രാജ്യത്തിന്റെ നിയമമാണ്. വിമര്‍ശനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.
◾ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെ. ഗുജറാത്തിലെ തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു ഭരണം നല്‍കിയ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
◾ഏഴാം തവണയും തുടര്‍ഭരണം തന്ന ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നു. വികസന രാഷ്ട്രീയത്തെ ജനങ്ങള്‍ അനുഗ്രഹിച്ചെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു.
◾ഗുജറാത്തില്‍ 12 ശതമാനം വോട്ടോടെ അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടിക്കു ദേശീയ പാര്‍ട്ടി പദവി. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനമാണ് ആംആദ്മി പാര്‍ട്ടിക്ക്. ഡല്‍ഹിയിലും പഞ്ചാബിലും ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടി ഗോവയില്‍ ആറ് ശതമാനം വോട്ടോടെ രണ്ടു സീറ്റു നേടിയിരുന്നു. നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട് നേടിയാല്‍ ദേശീയ പാര്‍ട്ടി പദവി നേടാമെന്നാണു വ്യവസ്ഥ. ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാഡ്വി 18,000 വോട്ടിനു പരാജയപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഗാഡ്വിയുടെ അഴിമതി വിരുദ്ധ വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയിരുന്നത്.
◾ഹിമാചല്‍ പ്രദേശില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായി അടിപിടി തുടങ്ങി. മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയും ലോക്സഭാംഗവുമായ പ്രതിഭ സിംഗ് എന്നിവരാണു ചരടുവലികളുമായി രംഗത്തുള്ളത്.
◾ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടപ്പെട്ടതോടെ ബിജെപി ഒറ്റയ്ക്കു ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി കുറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, ആസാം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് ഒറ്റയ്ക്കു ഭരണമുള്ളത്. മഹാരാഷ്ട്ര, സിക്കിം, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യമാണ് ഭരിക്കുന്നത്.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം 30 വര്‍ഷത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങള്‍ ഹിന്ദുത്വ പ്രചാരണത്തിലൂടെ ബിജെപി മറികടന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേടിയ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നും സിപിഎം വിലയിരുത്തി.
◾സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോകസഭാ സീറ്റില്‍ അദ്ദേഹത്തിന്റെ മരുമകളായ ഡിംപിള്‍ യാദവ് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു.
◾ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ ഇറാനില്‍ ആദ്യത്തെ വധശിക്ഷ. ദൈവവിരോധം ആരോപിച്ച് മൊഹ്‌സിന്‍ ഷെകാരി എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. കലാപങ്ങള്‍ക്കിടെ ടെഹ്റാനിലെ പ്രധാനപാത ഉപരോധിച്ചതിനും, സൈനികനെ കുത്തിയതിനുമാണ് മൊഹ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്.
◾കുവൈറ്റില്‍ സ്ത്രീ വേഷം ധരിച്ച് മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്തിരുന്ന 3,000 പ്രവാസികളെ പിടികൂടി നാടുകടത്തി. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.
◾പോര്‍ച്ചുഗല്‍ ടീമിനുള്ളില്‍ പടലപ്പിണക്കമാണെന്ന ആരോപണങ്ങളെ തള്ളി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്വിറ്റര്‍ പോസ്റ്റ്. ബാഹ്യശക്തികള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്തത്ര വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടീമിലുള്ളതെന്നും അവസാനം വരെ സ്വപ്നത്തിനായി പോര്‍ച്ചുഗല്‍ പോരാടുമെന്നും റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.
◾ഡിസംബര്‍ 14 ന് ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയും ബ്രസീലിന്റെ നെയ്മറും നേര്‍ക്കു നേര്‍ വരുമോയെന്ന് ഇന്നറിയാം. ഖത്തര്‍ ലോകകപ്പിലെ ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുട്ടും. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യു.എസ്.എ യെ തോല്‍പിച്ചാണ് നെതര്‍ലണ്ട്സ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ആസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. ജപ്പാനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച്് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന സെമി ഫൈനലിനായ് കാത്തിരിക്കുന്നവരാണ് ഫുട്ബോള്‍ പ്രേമികളില്‍ ഭൂരിപക്ഷവും.
◾ഖത്തര്‍ ലോകകപ്പില്‍ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലണ്ട്സുമായി ഏറ്റുമുട്ടാന്‍ അര്‍ജന്റീന ഇന്നിറങ്ങുമ്പോള്‍ മെസിയാണ് എവിടേയും താരം. മെസി ഞങ്ങളെ പോലെ ഒരു മനുഷ്യന്‍ തന്നെയാണെന്നാണ് നെതര്‍ലാന്‍ഡ്സിന്റെ ഗോള്‍ കീപ്പര്‍ നൊപ്പേര്‍ട്ട് പറയുന്നത്. അതേസമയം മെസിയെ നിസാരമായി കാണരുതെന്നും നല്ല പദ്ധതിയുണ്ടെങ്കിലെ മെസിയെ പിടിച്ച് കെട്ടാനാവൂയെന്നും നെതര്‍ലന്‍ഡ്സ് നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് പറയുന്നു. എന്നാല്‍ മെസിയെ നിശബ്ദനാക്കാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ക്കറിയാമെന്നാണ് ഡച്ച് കോച്ച് ലൂയി വാന്‍ ഗാല്‍ പറയുന്നത്. എന്തായാലും മെസി ആരാധകര്‍ക്ക് ഒന്നേ പറയാനുള്ളു, കേട്ടറിഞ്ഞതിനേക്കാളും കണ്ടറിഞ്ഞതിനേക്കാളും വലുതാണ് മെസി എന്ന സത്യം.
◾ഓഹരി വിപണിയിലെ ഇടപാടുകള്‍, ഹോട്ടല്‍ ബുക്കിങ്, ഇകൊമേഴ്സ് ഇടപാടുകള്‍ എന്നിവ കൂടുതല്‍ എളുപ്പമാക്കാന്‍ യുപിഐ സംവിധാനത്തില്‍ മാറ്റം വരുത്തുമെന്ന് റിസര്‍വ് ബാങ്ക്. പല തീയതികളില്‍ ആവര്‍ത്തിച്ചു വരുന്ന പേയ്മെന്റുകള്‍ തനിയെ ചെയ്യാനുള്ള ഓട്ടോപേ സംവിധാനം നിലവില്‍ യുപിഐ ആപ്പുകളിലുണ്ട്. ഒടിടി സബ്സ്‌ക്രിപ്ഷന്‍ അടക്കം ഓരോ മാസവും നിശ്ചിത തുക നിശ്ചിത തീയതിയില്‍ ഇങ്ങനെ നല്‍കാം. നിലവില്‍ അനുമതി നല്‍കിയാല്‍ നിശ്ചിത തുക ഒറ്റയടിക്ക് മാത്രമേ ഡെബിറ്റ് ചെയ്യാന്‍ കഴിയൂ. ഓരോ തവണയും പേയ്മെന്റ് ആപ് എടുത്ത് ഇടപാട് നടത്തേണ്ടതില്ല. എന്നാല്‍ ഓരോ തവണയും തുക ഈടാക്കുമ്പോള്‍ നമ്മുടെ സമ്മതം തേടും. ഇ കൊമേഴ്സ് സൈറ്റില്‍ ഇത്തരം അനുമതി നല്‍കിയാല്‍ ഓരോ തവണയും സാധനം വാങ്ങുമ്പോള്‍ തനിയെ പണം ഈടാക്കും. ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റത്തില്‍ ഓരോ തീയതിയിലും ആവര്‍ത്തിച്ചുവരുന്ന റെക്കറിങ് പേയ്മെന്റുകള്‍ക്ക് അനുമതി നല്‍കി.
◾ഷാന്‍ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രം 'സ്വച്ഛന്ദ മൃത്യു'വില്‍ ശിവജി ഗുരുവായൂരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സുദില്‍ ലാല്‍, നജ്മുധീന്‍, ഷാന്‍ എന്നിവര്‍ തിരക്കഥ എഴുതുന്നു. മുപ്പത് വര്‍ഷം ഒരു സ്‌കൂളിലെ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വിരമിച്ച 'കുറുപ്പു മാഷി'ന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ഭാര്യ മരണപ്പെടുന്നതോടെ വാര്‍ദ്ധക്യത്തില്‍ 'കുറുപ്പ് മാഷ്' ഒറ്റപ്പെടുന്നു. മക്കള്‍ രണ്ടുപേരും വിദേശത്താണ്. അദ്ദേഹം ഒരു വക്കീല്‍ മുഖേന ദയവാദത്തിന് കോടതിയില്‍ ഹര്‍ജി നല്‍കുന്നു. കോടതി 'കുറുപ്പ് മാഷി'ന് ദയാ വധം നല്‍കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഡോ. അഞ്ജലിയാണ് ചിത്രത്തിന്റെ നിര്‍മാണം.
◾ധനുഷിന്റേതായി പ്രഖ്യാപിച്ച 'ക്യാപ്റ്റന്‍ മില്ലെര്‍' എന്ന ചിത്രത്തില്‍ കന്നഡയില്‍ നിന്നും ഒരു വന്‍ താരം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ശിവ രാജ്കുമാറാണ് ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. തെലുങ്കിലെ യുവ നായകന്‍ സുന്ദീപ് കിഷനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍ ആണ് നായിക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സത്യജ്യോതി ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
◾രാജ്യത്ത് കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മ്മാണ കമ്പനികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെഴ്സിഡീസ് ബെന്‍സ്, കിയ ഇന്ത്യ, എംജി മോട്ടോര്‍ എന്നീ കമ്പനികളാണ് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍, ടാറ്റാ മോട്ടേഴ്സ്, മാരുതി സുസുക്കി തുടങ്ങിയ നിര്‍മ്മാണ കമ്പനികള്‍ ഇതിനോടകം തന്നെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 2023 ജനുവരി മുതലാണ് വാഹനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യത. ഔഡി വാഹനങ്ങളുടെ വിലയില്‍ 1.7 ശതമാനം വരെ വില വര്‍ദ്ധനവുണ്ടാകും. ബെന്‍സ് 5 ശതമാനമാണ് വില വര്‍ദ്ധിപ്പിക്കുക. വിവിധ മോഡലുകള്‍ക്കനുസൃതമായി കിയ 50,000 രൂപ വരെ വില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എംജി മോട്ടോര്‍ 2 ശതമാനം മുതല്‍ 3 ശതമാനം വരെയയും. അതേസമയം, വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് എത്രയെന്ന് റെനോ പ്രഖ്യാപിച്ചിട്ടില്ല.
◾കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു തോന്നും. അനുഭവക്കുറിപ്പുകള്‍ കഥയാണോ എന്നും സംശയിക്കും. പലതിലും നമുക്ക് നമ്മളെത്തന്നെ കാണാം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. കഥാപാത്രങ്ങളായി വരുന്നവരുടെ മുഖങ്ങള്‍ പോലും മനസ്സില്‍ തെളിയും. പ്രസാദമധുരമായ ഒരു സിനിമപോലെ നമുക്കിതിലെ ഓരോ രംഗവും കാണാം. അതുതന്നെയാണ് 'മാസ്റ്റര്‍പീസി'നെ വ്യത്യസ്തമാക്കുന്നതും. 'മാസ്റ്റര്‍പീസ്'. ഫ്രാന്‍സിസ് നോരൊഹ. മാതൃഭൂമി ബുക്സ്. വില 161 രൂപ.
◾പ്രോട്ടീന്‍ സമ്പുഷ്ടമായ താറാവുമുട്ടയില്‍ നിന്ന് ദിവസം ആവശ്യമായതിന്റെ 18 ശതമാനം പ്രോട്ടീന്‍ സ്വന്തമാക്കാം. ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ എയുടെ 9.4 ശതമാനവും ഒരു താറാവു മുട്ട നല്കും. അസ്ഥികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ മികച്ച ഭക്ഷണമാണിത്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ, തിമിരം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായകമായതിനാല്‍ കുട്ടികള്‍ക്ക് ദിവസവും ഓരോ താറാവ് മുട്ട നല്കാം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. വയറിന് അസുഖമുള്ളപ്പോള്‍ താറാവ് മുട്ടയില്‍ കറിവേപ്പില ചേര്‍ത്ത് പാകപ്പെടുത്തി കഴിക്കാം. രോഗം ശമിക്കും. പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയ്ക്കും ഉത്തമം. താറാവ് മുട്ട സാധാരണ കോഴിമുട്ടയേക്കാള്‍ വലുതാണ്. ഒരു താറാവ് മുട്ടയുടെ വെള്ളയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒരു താറാവ് മുട്ടയില്‍ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയില്‍ 6 ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്. കോഴിമുട്ടയെക്കാള്‍ താറാവ് മുട്ടയാണ് ഗുണങ്ങളില്‍ ഏറെ മുന്നിലുള്ളത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ രാജാവ് തന്റെ പരിവാരങ്ങളുമായി സഞ്ചരിക്കുന്നതിനിടെ ഒരു സന്യാസിയെ കണ്ടു. അദ്ദേഹം കുതിരപ്പുറത്തുനിന്നിറങ്ങി സന്യാസിയുടെ കാല്‍ക്കല്‍ ശിരസ്സ് നമിച്ചു കിടന്നു. കൊട്ടാരത്തിലെത്തിയപ്പോള്‍ മന്ത്രി രാജാവിനോട് ചോദിച്ചു: അങ്ങെന്തിനാണ് യാചകനെ പോലെ തോന്നിച്ച ആ സന്യാസിയുടെ മുന്നില്‍ ശിരസ്സ് കുനിച്ചത്? രാജാവ് കുറച്ച് കഴിഞ്ഞ് മന്ത്രിയെ വിളിപ്പിച്ചു. ഒരു സഞ്ചി മന്ത്രിയുടെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു: ഇതില്‍ നാലു വസ്തുക്കളുണ്ട്. ഇവ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കണം. ചന്തയിലെത്തിയ മന്ത്രി സഞ്ചി തുറന്നപ്പോള്‍ അത്ഭുതപ്പെട്ടു. അതിനുള്ളില്‍ കോഴിയുടേയും മീനിന്റെയും ആടിന്റെയും മനുഷ്യന്റെയും തലകള്‍. അതിലെ മൂന്ന് തലകളും ആളുകള്‍ വാങ്ങി. സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടും മനുഷ്യന്റെ തലമാത്രം ആരും വാങ്ങിയില്ല. മനുഷ്യന്റെ തലയുമായി തിരിച്ചെത്തിയ മന്ത്രിയോട് രാജാവ് പറഞ്ഞു: ആര്‍ക്കും വേണ്ടാത്ത തല ഒരു സന്യാസിയുടെ മുന്നില്‍ കുനിയുന്നതില്‍ എന്താണ് തെറ്റ്. അദ്ദേഹം എന്നെ അനുഗ്രഹിച്ചിട്ടുണ്ടാകും ജീവിതത്തില്‍ ശിരസ്സ് കുനിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകാം. അത് ചിലപ്പോള്‍ കിരീടധാരണത്തിനാകാം. ജീവന്‍ രക്ഷപ്പെടുത്താനാകാം. നിവര്‍ന്നുനിന്നുമാത്രം ആര്‍ക്കും ആയുസ്സ് ഫലപ്രദമായി പൂര്‍ത്തീകരിക്കാനാകില്ല. കൊടുങ്കാറ്റില്‍ പിടിച്ചു നില്‍ക്കുന്നത് നേരെ നിന്നു മത്സരിച്ച വന്‍മരങ്ങളല്ല. താഴ്ന്നുകൊടുത്ത പുല്‍ക്കൊടികളാണ്. സ്വന്തം തലച്ചോറിന്റെ മികവ് കൊണ്ടുമാത്രം വിജയശ്രീലാളിതരാകുന്ന ആരുമുണ്ടാകില്ല. പിന്നെന്തിന് വേണ്ടിയാണ് ഒരിക്കലും തലകുനിക്കുകയില്ലെന്ന ദുര്‍വാശി. എത്ര പത്തിവിടര്‍ത്തിയാടിയാലും ഒരിക്കല്‍ തലതാഴ്ത്തി കിടക്കേണ്ടി വരിക തന്നെ ചെയ്യു. അതിനു മുന്‍പ് ശിരസ്സാവഹിച്ച കര്‍മ്മങ്ങളുടെ പേരിലായിരിക്കും ഒരാളുടെ ഓര്‍മ്മക്കുറിപ്പുകള്‍ രൂപപ്പെടുക. നമുക്ക് ചിലയിടങ്ങളില്‍ തലകുനിക്കാം , വിനീതരാകാന്‍ ശീലിക്കാം - ശുഭദിനം.
മീഡിയ 16 ന്യൂസ്