*മീഡിയ 16*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 5 | തിങ്കൾ*

◾വിഴിഞ്ഞത്ത് അനുരഞ്ജന നീക്കവുമായി സിപിഎമ്മും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപപ്പ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടലിന് ഇല്ലെന്നു ബോധ്യപ്പെടുത്താനായിരുന്നു സന്ദര്‍ശനം. ചീഫ് സെക്രട്ടറിയും മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസും ഇടപെട്ടതിനു പിറകേയാണ് നാഗപ്പന്‍ വിഴിഞ്ഞത്തു പ്രചാരണ ജാഥ പ്രഖ്യാപിച്ചുകൊണ്ട് ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചത്.

◾കേന്ദ്രസേനയെ വിളിക്കുന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ക്രമസമാധാന നില കൈകാര്യം ചെയ്യാന്‍ കേരള പോലീസ് ധാരാളമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലത്ത് കേന്ദ്രസേനയെ വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടെന്നു മാത്രം. വിഴിഞ്ഞം സമരത്തിനു പിറകില്‍ രാജ്യദ്രോഹികളും തീവ്രവാദികളുമെന്ന നിലപാടില്‍നിന്നും മന്ത്രി പിന്മാറി. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ പോലീസ് കണ്ടെത്തുമെന്നായിരുന്നു പ്രതികരണം.

◾പൗരപ്രമുഖരും ആത്മീയ നേതാക്കളും ഇന്നു വിഴിഞ്ഞം സന്ദര്‍ശിക്കും. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്ന സന്ദേശവുമായാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും കാണും. സമരപ്പന്തലുകളും സന്ദര്‍ശിക്കും. മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി, മാര്‍ത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. മാര്‍ ബര്‍ണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാള്‍, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാന്‍ ബിഷപ്പ് യോഹന്നാന്‍ മാര്‍ പോളികാര്‍പ്പസ്, ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍ രാധാകൃഷ്ണന്‍, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സന്ദര്‍ശിക്കുന്നത്.

◾നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന നിയമം പാസാക്കാനാണ് സഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. വിഴിഞ്ഞം സംഭവം, ഗവര്‍ണറുമായുള്ള പോര്, തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന തട്ടിപ്പിനുള്ള ശുപാര്‍ശ കത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കും.

◾ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനു തെളിവില്ലെന്നു പറഞ്ഞ് മുന്‍മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. മല്ലപ്പള്ളി പ്രസംഗത്തില്‍ കോടതി ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തത്. വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന കേസിലാണ് പോലീസ് ഒത്തുകളിച്ചത്. വീഡിയോ തെളിവായി ഉണ്ടായിട്ടും പോലീസ് അന്വേഷണം അട്ടിമറിച്ചെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍.

◾കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഇന്നു മുതല്‍ കൊച്ചിയില്‍. വിഴിഞ്ഞം വിഷയം ചര്‍ച്ചയാകും. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പങ്കെടുക്കും.

◾സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ അനാവശ്യമായി നിയമോപദേശത്തിനു വിടുന്നതിനെതിരേ നിയമ, ധനകാര്യ വകുപ്പുകള്‍. ഇതുമൂലം ഫയല്‍നീക്കം വൈകുകയും സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

◾കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉപദേശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കു വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതതു ജില്ലകളിലെ ഡിസിസി അധ്യക്ഷരെ അറിയിച്ചിട്ടുണ്ട്. വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ പോര്‍വിളി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്ന ലീഗിന്റെ വിമര്‍ശനത്തെ അര്‍ഹിക്കുന്ന പരിഗണനയോടെ കാണുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പരിഹാരം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◾കുടുംബശ്രീ സ്ത്രീ സമത്വ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്കു ചൊല്ലാന്‍ തയാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നു കുടുംബശ്രീ ഡയറക്ടര്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രതിജ്ഞ പരിഭാഷപ്പെടുത്തിയിട്ടേയുള്ളൂവെന്നാണു വിശദീകരണം. മുസ്ലിം സംഘടനകളുടെ പ്രതിഷേധംമൂലം പ്രതിജ്ഞ പിന്‍വലിച്ചെന്നു പ്രചാരണമുണ്ടായിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പരാമര്‍ശം ശരീയത്ത് വിരുദ്ധമാണെന്നാണ് എതിര്‍പ്പിനു കാരണം.

◾കൊല്ലത്ത് ഉദ്യോഗസ്ഥന്റെ വീഴ്ചമൂലം കൊല്ലം ചവറ സ്വദേശിനി നിഷക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പിഎസ്സിയാണു കുറ്റക്കാരെന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഓഫീലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നാണ് മന്ത്രിയുടെ വാദം.

◾സിപിഐയുടെ കേന്ദ്ര നിര്‍വാഹകസമിതി കേരളത്തിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു തന്നെ നല്‍കി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെയും കര്‍ണാടകയുടെയും സാംസ്‌കാരികരംഗത്തിന്റെയും ചുമതല ബിനോയ് വിശ്വത്തിനാണ്. പാര്‍ട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിനും യുവജനരഗംഗത്തിന്റെയും അന്താരാഷട്ര വിഷയങ്ങളുടെയും ചുമതല പി.സന്തോഷ് കുമാറിനും ലഭിച്ചു.

◾ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷവും രണ്ടാഴ്ചയായി ഉപരോധ സമരവും നടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങള്‍ വിലക്കി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ ഇറക്കി. അതിരൂപത ആസ്ഥാനത്ത് യോഗം ചേരാന്‍ അഡ്മിനിസ്ട്രേറ്ററുടെ അനുമതി വേണം. വിലക്കു ലംഘിച്ചാല്‍ പോലീസ് നടപടിക്കു സാധ്യത.

◾എല്‍ഡിഎഫ് വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്തുന്നു. തുറമുഖം വേണമെന്നും വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരും പോലീസും സൃഷ്ടിച്ചതാണെന്ന ആരോപണത്തെ ചെറുക്കാനുമാണു ജാഥ. ചൊവ്വാഴ്ച വര്‍ക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഒമ്പതാം തീയതി വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വികസനം സമാധാനം എന്ന പേരിലാണ് ജാഥ.

◾സ്‌കൂള്‍ യൂണിഫോമില്‍ മല്‍സ്യം വിറ്റു വാര്‍ത്താതാരമായ ഹനാന്‍ വീണ്ടും വാര്‍ത്തകളില്‍. ജലന്ധറില്‍ പരീക്ഷയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയതിനെതിരേ പ്രതികരിച്ച തന്നോട് പോലീസ് എത്തി അപരിചിതമായ സ്റ്റേഷനില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതു ലൈവായി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് ഇപ്പോള്‍ വാര്‍ത്തയായത്. അക്രമിയെ കസ്റ്റഡിയിലെടുക്കാതെ തന്നോട് ഇറങ്ങാന്‍ പറയുന്ന പോലീസിനോടു ശക്തമായി പ്രതികരിക്കുന്ന വീഡിയോയാണ് ഹനാന്‍ ലൈവായി പോസ്റ്റു ചെയ്തത്.

◾മലയാളി യുവാവ് ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ലിവര്‍പൂളിനു സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് മരിച്ചത്. സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്.

◾മോഷണത്തെ തുടര്‍ന്ന് ജോലിയില്‍നിന്നും പിരിച്ചുവിട്ട അതിഥി തൊഴിലാളി കട തീവച്ചു നാടുവിട്ടു. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയാണു തീയിട്ടത്. കടയുടമ കെ ടി അമാനുള്ള ബിഹാര്‍ സ്വദേശി ആലത്തിനെതിരെ പരാതി നല്‍കി. പണാപഹരണത്തിനു താക്കീതു നല്‍കിയതിനാണ് ഇങ്ങനെ പ്രതികാരം ചെയ്തതെന്നാണു പരാതി.

◾തൊടുപുഴയ്ക്കു സമീപം നാളിയാനിയില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. നാളിയാനി കൂവപ്പള്ളി സ്വദേശി ഇടശ്ശേരിയില്‍ സാം ജോസഫിനെ റബര്‍ വെട്ടുന്ന കത്തികൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്തി. പൂമാല സ്വദേശികളായ ജിതിന്‍ പത്രോസ്, ആഷിക് ജോര്‍ജ്, പ്രിയന്‍ പ്രേമന്‍ എന്നവരെ പൊലീസ് അറസ്റ്റു ചെയ്തു.

◾തിരുവനന്തപുരത്ത് അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. അമ്പുരി സ്വദേശി സൊബാസ്റ്റ്യനാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

◾തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റില്‍ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവില്‍നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി. പുനലൂര്‍ സ്വദേശി ഷഹീറാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്.

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനു പിറകേ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് നടത്താന്‍ എഐസിസി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെ 60 ദിവസമായിരിക്കും മാര്‍ച്ച്. എല്ലാ സംസ്ഥാനങ്ങളിലൂടേയും കടന്നു പോകുന്ന വിധത്തിലാണു മാര്‍ച്ച് സംഘടിപ്പിക്കുക. വനിതകളെ ഉണര്‍ത്തുകയാണു ലക്ഷ്യം.

◾ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ താഴോട്ടുള്ളവര്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. സംഘടനക്കു ശക്തിയുണ്ടെങ്കിലേ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കൂ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു തയ്യാറെടുപ്പും താഴേ തട്ടില്‍ നടക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടി പ്ലീനറി സമ്മേളനം ഫെബ്രുവരി രണ്ടാം പകുതിയില്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടത്താന്‍ തീരുമാനിച്ചു.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്കും ആവേശത്തിലേക്കും വളര്‍ന്നെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശകരായിരുന്നവര്‍ പോലും യാത്രക്കൊപ്പം ചേരുന്നുണ്ടെന്നും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 93 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. 63 ശതമാനമായിരുന്നു ആദ്യഘട്ടത്തിലെ പോളിംഗ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

◾ഇറാനില്‍ ഹിജാബ് വിരുദ്ധ സമരത്തെ അടിച്ചമര്‍ത്തിയ മതകാര്യ പൊലീസിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി.

◾ഐഎസ്എല്ലില്‍ അഞ്ചാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

◾ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒരു വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 41.2 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പി. 187 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് 46 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.

◾ഇംഗ്ലണ്ടും ഫ്രാന്‍സും ആധികാരിക ജയത്തോടെ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയതെങ്കില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെനഗലിനെ മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത് . ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ഏറ്റുമുട്ടും.

◾സെനഗലിന്റെ കരുത്തില്‍ തുടക്കത്തിലൊന്ന് പതറിയെങ്കിലും മനസ്സാന്നിദ്ധ്യം കൈവിടാതെ പൊരുതിയ ഇംഗ്ലണ്ട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സെനഗലിനെ അടിയറവു പറയിച്ചു. കളിയുടെ മുപ്പത്തിയെട്ടാം മിനിറ്റില്‍ ഹെന്‍ഡേഴ്സനിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ട് ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്‌നിലൂടെ രണ്ടാമത്തെ ഗോളും നേടി. ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിനെ വിയര്‍പ്പിച്ച സെനഗലിന് ഒരു തിരിച്ചുവരവ് അസാദ്ധ്യമാക്കി ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ ബുകായോ സാക്കയിലൂടെ മൂന്നാം ഗോളും കണ്ടെത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

◾എംബാപ്പേയുടെ ഇരട്ടഗോളിന്റെ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിയായിരുന്നു ഫ്രാന്‍സിന്റെ ജയം. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഒളിവിയര്‍ ജിറൂദിന്റെ ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഫ്രാന്‍സ് എംബാപ്പേയുടെ ഇരട്ട ഗോളിലൂടെ മത്സരം തങ്ങള്‍ക്കനുകൂലമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേ പോളണ്ടിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്‌സ്‌കി ഒരു ഗോള്‍ തിരിച്ചടിച്ചു. പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളടക്കം എംബാപ്പേ ഈ ലോകകപ്പില്‍ ഇതുവരെ 5 ഗോളുകളടിച്ച് ഗോള്‍ വേട്ടയില്‍ മുന്നിലാണ്.

◾പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായ് ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങും. ഇന്നത്തെ കളിയില്‍ നെയ്മര്‍ കളിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച സൗത്ത് കൊറിയയാണ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30നാണ് ബ്രസീല്‍ - സൗത്ത് കൊറിയ മത്സരം. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ ജപ്പാന്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.

◾രാജ്യത്ത് യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തരമുള്ള ഇടപാടുകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷനാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്. എന്‍പിസിഐയുടെ നിര്‍ദ്ദേശ പ്രകാരം, ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളുടെ വിപണി വിഹിതം 30 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ പരിധിയിലേക്ക് ഇടപാടുകള്‍ ചുരുക്കാന്‍ 2024 ഡിസംബര്‍ 31 വരെയാണ് കമ്പനികള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്. 2020- ലാണ് എന്‍പിസിഐ ഇടപാട് പരിധി ചുരുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കമിട്ടത്. ആമസോണ്‍, വാട്സ്ആപ്പ് തുടങ്ങിയ കമ്പനികള്‍ യുപിഐ സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ വിപണി വിഹിതം 1 ശതമാനത്തിലും താഴെയാണ്. രാജ്യത്ത് യുപിഐ ഇടപാടില്‍ 47 ശതമാനം വിപണി വിഹിതവുമായി ഫോണ്‍പേ ഒന്നാം സ്ഥാനത്താണ്. 34 ശതമാനമാണ് ഗൂഗിള്‍പേയുടെ വിഹിതം. മൂന്നാം സ്ഥാനത്തുള്ള പേടിഎമ്മിന്റെ വിപണി വിഹിതം 15 ശതമാനം മാത്രമാണ്.

◾വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തില്‍ വിജയ് നായകനായ 'വരിശ്' ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്. സിമ്പുവിന്റെ മാസ് പ്രകടനത്തോട് കൂടിയ ഗാനം നിമിഷ നേരം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'രഞ്ജിതമേ'എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റും വിജയ് ആലപിച്ച ഈ ഗാനം സ്വന്തമാക്കിയിരുന്നു. തമന്‍ എസ് സംഗീതം നല്‍കിയ ഈ ഗാനം എഴുതിയത് വിവേക് ആണ്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്. വിജയ്യുടെ കരിയറിലെ 66-ാം ചിത്രവുമാണിത്. ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

◾സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന റോയ് സിനിമയുടെ ട്രെയിലര്‍ എത്തി. ചിത്രം ഡിസംബര്‍ ഒന്‍പതിന് സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്യും.സുനില്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. ചിത്രീകരണം പൂര്‍ത്തിയായി ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് റോയ് റിലീസിനെത്തുന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

◾നവംബര്‍ മാസത്തില്‍ രാജ്യത്ത് കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് മുന്നേറ്റം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടോപ് 10 വാഹന നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത് 3,10,807 കാറുകളാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 31.7 ശതമാനം വളര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പാസഞ്ചര്‍ വാഹന വിപണി കൂടിയാണ് ഇന്ത്യ. തുടര്‍ച്ചയായ ആറാം മാസമാണ് ഇന്ത്യയില്‍ കാര്‍ വില്‍പ്പന മൂന്ന് ലക്ഷം കടക്കുന്നത്. നവംബറില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചത് മാരുതിയാണ്. 1,32,395 യൂണിറ്റ് വാഹനങ്ങള്‍. കൂടാതെ, 7.5 ലക്ഷത്തോളം വാഹനങ്ങള്‍ ഇനിയും മാരുതി കൊടുത്തു തീര്‍ക്കാനുണ്ട്. ഇത്തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഹ്യുണ്ടായിയാണ്. 48,003 വാഹനങ്ങളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. മൂന്നു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ടാറ്റ മോട്ടോഴ്സ്: 46,037. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര: 30,392. കിയ ഇന്ത്യ: 24,025. ഹോണ്ട കാര്‍സ്: 7,051. എംജി മോട്ടര്‍: 4,079. സ്‌കോഡ: 4,433. ടൊയോട്ട കിര്‍ലോസ്‌കര്‍: 11,765. നിസാന്‍: 2,400 എന്നിങ്ങനെയാണ് വില്‍പന കണക്കുകള്‍.

◾യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ഹിസ്റ്റോറിക്കല്‍ ക്രൈം ഫിക്ഷണല്‍ സ്റ്റോറിയാണ് 'റോയല്‍ മാസെക്കര്‍'. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിര്‍ത്തിയിരുന്ന ഏക ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ 'ഷാ' രാജകുടുംബത്തെ ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കന്‍ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയസാമൂഹിക ഭൂമികയില്‍ നിന്ന് കൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവല്‍ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര,സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളാണ്. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇട കലരുന്ന ഒരു വായനാനുഭവമാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ നോവല്‍ വാഗ്ദാനം ചെയ്യുന്നത്. ജയ് എന്‍ കെ. ഡിസി ബുക്സ്. വില 399 രൂപ.

◾കുട്ടികള്‍ക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നല്‍കണം. ദിവസേന ചെറിയ അളവില്‍ നെയ്യ് ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്. നെയ്യില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. കുട്ടികളിലെ മലബന്ധം അകറ്റാന്‍ നെയ്യ് സഹായകമാണ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ രോഗങ്ങളെ തടയും. ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്നങ്ങള്‍ക്കും നെയ്യ് ഉത്തമ പരിഹാരമാണ്. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കും ബലം ലഭിക്കാനും ഉത്തമമാണ് നെയ്യ്. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയായ നെയ്യ്, ഞരമ്പുകള്‍ക്കും തലച്ചോറിനും വലിയ ഗുണം നല്‍കുന്നു. ഈ ഫാറ്റി ആസിഡുകളുടെ അഭാവം ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെയ്യ് ഉള്‍പ്പെടുത്തുന്നത് ശീലമാക്കുക. ശക്തമായ ആന്റി വൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകള്‍ക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

*ശുഭദിനം*

പഞ്ചാബിലെ ആ ഗ്രാമത്തിലേക്ക് ഒരിക്കല്‍ ഗുരുനാനാക്ക് സന്ദര്‍ശനം നടത്തി. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കര്‍ഷകന്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലേക്ക് വന്ന ഗുരുവിന് വേണ്ടി വലിയൊരു സദ്യ തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് അയാള്‍ ഗുരുവിനോട് പറഞ്ഞു: ഞാന്‍ ഈ ഗ്രാമത്തിലെ ഏറ്റവും വലിയ സമ്പന്നനാണ്. അങ്ങേക്ക് വേണ്ടി എന്തു ചെയ്തു തരുവാനും ഞാന്‍ സന്നദ്ധനാണ്. കുറച്ച് നേരത്തെ മൗനത്തിന് ശേഷം തന്റെ ശിഷ്യനോട് ഒരു മൊട്ടുസൂചി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശിഷന്‍ നല്‍കിയ മൊട്ടുസൂചി കര്‍ഷകന് നല്‍കിയിട്ട് ഗുരു പറഞ്ഞു: നമ്മള്‍ രണ്ടുപേരും ഒരു ദിവസം സ്വര്‍ഗ്ഗത്തിലെത്തും. അവിടെ വച്ച് നമ്മള്‍ കാണുമ്പോള്‍ ഈ സൂചി എനിക്ക് തിരിച്ചു തരണം. ഇതെങ്ങനെ ഞാന്‍ അവിടെയെത്തിക്കും? അയാള്‍ പ്രതിഷേധ സ്വരമുയര്‍ത്തി. അപ്പോള്‍ ഗുരു പറഞ്ഞു: വളരെ ചെറുതും നിസ്സാരവുമായ കാര്യമാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഈ ചെറിയ മൊട്ടുസൂചി പോലും താങ്കള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെങ്കില്‍ ഈ കാണുന്ന സമ്പത്തൊക്കെ താങ്കള്‍ എങ്ങിനെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരും.. ഇക്കാണുന്ന സമ്പത്തെല്ലാം ഇവിടെ ഉപേക്ഷിച്ച് പോരേണ്ടി വരില്ലേ.. കൃഷിക്കാരന് തന്റെ അഹന്ത മനസ്സിലായി. തെറ്റ് തിരിച്ചറിഞ്ഞ് അയാള്‍ ഗുരുവിനോട് ക്ഷമ ചോദിച്ചു. ഗുരു പറഞ്ഞു: നിങ്ങളുടെ കൂടെ സ്വര്‍ഗ്ഗത്തിലേക്ക് പിന്തുടരുന്നത് നിങ്ങളുടെ സമ്പത്തല്ല, നിങ്ങള്‍ ചെയ്ത സത്പ്രവൃത്തികള്‍ മാത്രമാണ്. അതിനാല്‍ ഇനിയുളള ജീവിതം അതിനുവേണ്ടി വിനിയോഗിക്കൂ.. ധനം ഒരിക്കലും നന്മയോ തിന്മയോ അല്ല. അവ എങ്ങനെ നേടുന്നു.. വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.. ഒരു മനുഷ്യനെപറ്റി രണ്ടുകാര്യങ്ങള്‍ അറിഞ്ഞാല്‍ അവന്റെ സ്വഭാവവും വ്യക്തിത്വവും എങ്ങിനെയുള്ളതാണെന്ന് ഒരുപരിധി വരെ നമുക്ക് വിലയിരുത്താന്‍ സാധിക്കും. ഒന്ന്. അയാള്‍ ധനം എങ്ങിനെ സമ്പാദിക്കുന്നു. രണ്ട്. അയാള്‍ ധനം എങ്ങിനെ വിനിയോഗിക്കുന്നു. ഈ രണ്ട് അറിവുകളും ഒരാളുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന സ്രോതസ്സുകളാണ്. ധനസമ്പാദനത്തില്‍ മാത്രമല്ല വിനിയോഗത്തിലും വിവേകത്തോടെ പ്രവൃത്തിക്കാന്‍ നമുക്ക് സാധിക്കട്ടെ - *ശുഭദിനം.* 
Media 16NeWS