മീഡിയ 16 *പ്രഭാത വാർത്തകൾ* 2022 ഡിസംബർ 15വ്യാഴം

◾അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം മാറ്റിവയ്ക്കുമെങ്കിലും പ്രസംഗം തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണു പ്രസംഗം തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സഭാ സമ്മേളത്തിന്റെ തുടക്കത്തില്‍ പ്രസംഗം ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം ഇറക്കില്ല. നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാവില്ലെന്നു നിയമോപദേശം ലഭിച്ചതിനാലാണ് പ്രസംഗം തയ്യാറാക്കുന്നത്. ബജറ്റിനുശേഷം ഗവര്‍ണര്‍ക്കു നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നല്‍കാനാണ് നീക്കം.

◾കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് കേരള പൊലീസ്. ഈ വര്‍ഷം ജൂണ്‍ ഒന്നിനും ഓഗസ്റ്റ് രണ്ടിനുമാണ് രേഖകള്‍ കൈമാറിയതെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ ഓഫീസ് അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് വിവരം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

◾കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ റിജിലിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് നഗരസഭയ്ക്ക് ബാങ്ക് 10.7 കോടി രൂപകൂടി തിരികെ നല്‍കി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡാണ് പണം തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

◾കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നിഴല്‍ യുദ്ധം നടത്തിയതിനാലാണ് സെനറ്റില്‍നിന്നു പുറത്താക്കിയതെന്നു ഗവര്‍ണര്‍ ഹൈക്കോടതിയില്‍. സര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന നിര്‍ദേശം അനുസരിക്കാത്തതിനാലാണ് അതു ചെയ്യേണ്ടി വന്നതെന്നും കോടതിയെ അറിയിച്ചു. പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ മറുപടി. കേസില്‍ നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കു വിധി പറയും.



◾അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കള്ളപ്പണക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സൂരജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

◾വിഴിഞ്ഞം തുറമുഖം 2024 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആദ്യ കപ്പല്‍ സെപ്റ്റംബര്‍ അവസാനം എത്തും. 80 ശതമാനം പണി പൂര്‍ത്തിയായെന്നു മുഖ്യമന്ത്രി നിയമസഭയില്‍ അവകാശപ്പെട്ടിരുന്നെങ്കിലും തുറമുഖത്തിന്റെ 70 ശതമാനം പണി പൂര്‍ത്തിയായെന്നാണ് പദ്ധതി വിലയിരുത്തലിനുശേഷം മന്ത്രി പറഞ്ഞത്. പോര്‍ട്ട് ഇലക്ട്രിക് സബ് സ്റ്റേഷന്‍ ജനുവരിയില്‍ തുടങ്ങും. നിലവില്‍ 15000 ടണ്‍ കരിങ്കല്ലാണു പ്രതിദിനം കടലിലിടുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത് ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മതനേതാക്കള്‍ പങ്കെടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ബഹിഷ്‌കരിച്ചെങ്കിലും ചീഫ് സെക്രട്ടറി വി.പി. ജോയി, പൊതുഭരണ വകുപ്പു സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പൗരപ്രമുഖരും എത്തി. കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, മാത്യൂസ് മാര്‍ സില്‍വാനോസ് എന്നിവര്‍ ചേര്‍ന്നാണു കേക്കു മുറിച്ചത്.

◾സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനു ഗവര്‍ണര്‍ക്കു സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്ന് ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. 'ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിക്ക് നിയമബോധമുള്ള ഡിവിഷന്‍ ബെഞ്ച് വില കല്‍പിച്ചിട്ടില്ല. ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാകാനുണ്ടെ'ന്നും അദ്ദേഹം വിമര്‍ശിച്ചു.

◾പണം വകമാറ്റി ചെലവാക്കിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. പൊലീസ് അക്കാദമിയുടെ മതില്‍ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനാണ് വിമര്‍ശനം. സര്‍ക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതു തെറ്റാണെന്ന് നോട്ടീസ് നല്‍കി.

◾ഭര്‍ത്താവിനെ കാമുകനുമൊത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പരപ്പനങ്ങാടി സ്വദേശിനി സൗജത്ത് മരിച്ച സംഭവത്തില്‍ കാമുകന്‍ ബഷീര്‍ അറസ്റ്റിലായി. കൊണ്ടോട്ടിയിലെ താമസസ്ഥലത്താണു മരിച്ചത്. 2018 ഒക്ടോബറില്‍ ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്തും കാമുകന്‍ ബഷീറും.

◾സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നാളെ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകുന്നേരം ഏഴര വരെയാണു നിയന്ത്രണം. തൃശൂര്‍ നഗരത്തിലേക്കു വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. സ്വരാജ് റൗണ്ടില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.

◾അവധിക്കു നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണു പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ അബൂബക്കറിന്റെ മകന്‍ മുനീര്‍ (49) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മുനീറിന്റെ തലയില്‍ തേങ്ങ വീണത്.

◾നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വിലയുള്ള മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തില്‍ ആണ് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചത്.

◾പാഠ്യപദ്ധതി പരിഷ്‌കരണത്തെ പരിഹസിച്ചു തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാംസ്‌കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമര്‍ശം ലീഗ് നേതാവു നടത്തി. ഇതിനോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്നും ശിവന്‍കുട്ടി.

◾മാനന്തവാടി വാളാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലിലെ ട്രെയിനിയായ വാളാട് നരിക്കുഴിയില്‍ ഷാജി-ഷീജ ദമ്പതികളുടെ മകന്‍ എന്‍.എസ് പ്രജിത്തിനെ കാണാനില്ലെന്നാണു പരാതി. വിശാഖപട്ടണത്തുനിന്ന് ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേ കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ചയാണ് ചരക്കുമായി വിശാഖപട്ടണത്തുനിന്നു യാത്ര തിരിച്ചത്.

◾കോഴിക്കോട് ജനുവരി മൂന്നു മുതല്‍ ഏഴു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രധാന വേദിയുടെ പന്തല്‍ കാല്‍ നാട്ടല്‍ ചടങ്ങ് നാളെ രാവിലെ ഒമ്പതിനു നടക്കും. സ്വാഗത സംഘം ചെയര്‍മാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് കാല്‍ നാട്ടല്‍കര്‍മം നിര്‍വഹിക്കും.

◾കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ആരംഭിച്ചു. എട്ടു കോടി രൂപ മുടക്കിയാണ് കാത്ത് ലാബ് സജ്ജീകരിച്ചത്. രണ്ടു രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തി.

◾പ്രേത ബാധയെന്നു പറഞ്ഞ് മന്ത്രവാദം നടത്തി ഭാര്യയേയും അമ്മയേയും മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവും മന്ത്രവാദിയും അടക്കം ആറു പേര്‍ അറസ്റ്റിലായി. ഇലിപ്പക്കുളം സ്വദേശിനി ഫാത്തിമ, അമ്മ സാജിദ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പഴകുളം അനീഷ് (34), താമരക്കുളം ഷിബു (31), ഭാര്യ ഷാഹിന (23) മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് സുലൈമാന്‍ (52), സഹായികളായ നെല്ലിമൂട് അന്‍വര്‍ ഹുസൈന്‍ (28), സഹോദരന്‍ ഇമാമുദ്ദീന്‍ (35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾വ്യാജ ബിരുദങ്ങളുമായി ജോലി സമ്പാദിച്ച ആലപ്പുഴ സഹകരണ സ്പിന്നിങ് മില്ലിലെ മുന്‍ മാനേജര്‍ക്ക് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. ആര്‍ ജയ്കൃഷ്ണന്‍ നായര്‍ക്കാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്.

◾കൊല്ലത്ത് എംഡിഎംഎയുമായി നൃത്ത അധ്യാപകനായ പാറപ്പുറം സ്വദേശി ശ്യാമിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ബംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

◾ലൈംഗിക പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയാണു പ്രതി.

◾പോക്സോ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തി പൊലീസ് എഫ്ഐആര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിയുടെ പേര് മറച്ചുവച്ചും ഇരയുടെ പേരും വിലാസവും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയുമാണ് എഫ്ഐആര്‍ പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്.

◾ഇടുക്കി വാഗമണ്ണിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെന്‍ഷന്‍. വാഗമണ്‍ കോട്ടമല ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ വിനോദിനെയാണ് സസ്പെന്റ് ചെയ്തത്.

◾പൂന്തുറയില്‍ കാറില്‍ കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി പൂന്തുറ ബരിയ നഗര്‍ മില്‍ കൊളനിയില്‍ അബ്ദുള്ള (25) യെ പൂന്തുറ പൊലീസ് പിടികൂടി.

◾സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങി റോഡ് കുറുകേകടക്കുമ്പോള്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂള്‍ വിദ്യാര്‍ഥി ഷഫ്ന ഷെറിന്‍ ആണ് മരിച്ചത്.

◾ഡ്രെയിനേജ് ടാങ്കില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്റെ മകന്‍ ഷെഹ്സാദ് ആണ് മരിച്ചത്. വീടിന് പിറകിലെ ഡ്രെയിനേജ് ടാങ്കിലാണ് ഷെഹ്സാദ് വീണത്.

◾കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീധന പീഡനം മൂലം മരിച്ചത് 35,493 പേര്‍. 2017 നും 2022 നും ഇടയില്‍ ഇന്ത്യയില്‍ സ്ത്രീധനപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചവരുടെ കണക്കു സര്‍ക്കാര്‍ പാര്‍ലമെന്റിലാണ് അവതരിപ്പിച്ചത്. കൂടുതല്‍ സ്ത്രീധന മരണം ഉത്തര്‍പ്രദേശിലാണ്. അഞ്ച് വര്‍ഷത്തിനിടെ 11,874 പേരാണ് യുപിയില്‍ മരിച്ചത്.  

◾കര്‍ണാടക - മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ബലഗാവിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് താത്കാലിക പരിഹാരം. പ്രശ്നം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും മൂന്നു വീതം മന്ത്രിമാര്‍ അടങ്ങുന്ന ആറംഗസമിതിയെ രൂപീകരിച്ചു. സുപ്രീംകോടതിയിലുള്ള കേസുകളില്‍ തീര്‍പ്പാകുംവരെ ബലഗാവിയില്‍ ആരും അവകാശവാദം ഉന്നയിക്കില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയുണ്ടായത്. ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

◾മേഘാലയയില്‍ വിവിധ പാര്‍ട്ടികളിലെ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരു സ്വതന്ത്ര എംഎല്‍എയും രാജിവച്ച മൂന്ന് എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിച്ചത്.

◾ഉത്തര്‍പ്രദേശില്‍ ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ യുവതിയെ തലയ്ക്കടിച്ചു കൊന്ന യുവ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ആയുര്‍വേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് പിടിയിലായത്. ലഖിംപൂര്‍ ഖേരിയിലാണ് കൊലപാതകം നടന്നത്. ഭാര്യ വന്ദന അവസ്തി(28)യുടെ മൃതദേഹം 400 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് കത്തിച്ചെന്നാണു കേസ്.

◾തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പ്രചാരണ ഓഫിസില്‍ പൊലീസ് റെയ്ഡ്. തെലങ്കാന സര്‍ക്കാരിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് പ്രചരിപ്പിച്ചതിന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഡല്‍ഹി എയിംസിന്റെ സര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തിനു പിറകില്‍ ചൈനയെന്ന് അധികൃതര്‍. ആക്രമണം നടന്നത് ചൈനയില്‍ നിന്നാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. നൂറു സര്‍വറുകളില്‍ അഞ്ചെണ്ണത്തിലാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞ് കയറിയത്. ഈ അഞ്ച് സര്‍വറുകളിലെയും വിവരങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്.

◾ബിഹാറിലെ ചാപ്രയില്‍ വ്യാജമദ്യം കഴിച്ച് ഇരുപത് പേര്‍ മരിച്ചു. ചികിത്സയിലുള്ള പലര്‍ക്കും കാഴ്ച്ച നഷ്ടപ്പെട്ടു. ഈ വര്‍ഷം ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ നൂറിലധികം പേരാണ് മരിച്ചത്.

◾ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സര്‍വ്വകലാശാല ക്രിസ്മസ് അവധിയെ ശീതകാല അവധിയെന്നു മാറ്റി. മത വിശ്വാസത്തോടു ചേര്‍ന്നു നില്‍ക്കുന്ന പേര് ഒഴിവാക്കുകയാണെന്നാണ് വിശദീകരണം.

◾ജി മെയില്‍ ബിസിനസ് സേവനങ്ങള്‍ വീണ്ടും തകരാറില്‍. സാധാരണ ഉപയോക്താക്കള്‍ക്ക് പ്രശ്നമില്ലെങ്കിലും പണം നല്‍കി പ്രത്യേക സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ മെയിലുകളാണ് പ്രതിസന്ധിയിലായത്. മെയില്‍ അയച്ചതായി കാണിക്കുമെങ്കിലും ഡെലിവറി ആകുന്നില്ല.

◾അമ്പതോളം കുടിയേറ്റക്കാരുമായി യുകെയിലേക്കു പോകുകയായിരുന്ന ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു. എത്ര പേര്‍ മരിച്ചെന്നു തിട്ടപ്പെടുത്തിയിട്ടില്ല.

◾ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കാന്‍ നല്ല ശരീരവടിവും സൗന്ദര്യവുമുള്ള സ്ത്രീകളെ ആവശ്യമുണ്ടെന്ന സര്‍ക്കാര്‍ പരസ്യം ചൈനയില്‍ വിവാദമായി. ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചൈന റെയില്‍വേയുടെ ഉപകമ്പനി നമ്പര്‍ ത്രീ എന്‍ജിനീയറിംഗ് ഗ്രൂപ്പാണ് പരസ്യം ചെയ്തത്. സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ പരസ്യം പിന്‍വലിച്ചു.

◾ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് 278 റണ്‍സ് എന്ന നിലയില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 90 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും 82 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

◾മൊറോക്കോയുടെ പോരാട്ടവീര്യത്തെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഫൈനലില്‍. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ ഫൈനല്‍ പ്രവേശം. മത്സരം തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഫാന്‍സ് മുന്നിലെത്തി. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്ത് തട്ടി കിട്ടിയ പന്ത് തിയോ ഹെര്‍ണാണ്ടസ് ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വീണെങ്കിലും പതറാതെ കളിച്ച മൊറോക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 44-ാം മിനിറ്റില്‍ ജവാദ് എല്‍ യാമിക്കിന്റെ ബൈസിക്കിള്‍ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. സമനില ഗോളിനായി ശ്രമിച്ച മൊറോക്കോയുടെ പ്രതിരോധത്തെ തകര്‍ത്ത് എംബാപ്പെ നല്‍കിയ പാസില്‍ നിന്ന് പകരക്കാരനായിറങ്ങിയ റന്‍ഡല്‍ കോലോ മുവാനി നേടിയ ഗോളിലൂടെ ഫ്രാന്‍സ് വിജയമുറപ്പിച്ചു. അവസാന ശ്വാസം വരെ വീറോടെ പൊരുതിയ ആഫ്രിക്കന്‍ കരുത്തരെ തകര്‍ത്ത ഫ്രാന്‍സിന് തുടര്‍ച്ചയായ രണ്ടാം ലോക കപ്പ് ഫൈനല്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയുമായി ഏറ്റുമുട്ടും. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.

◾ഫോര്‍ബ്‌സിന്റെയും ബ്ലൂംബെര്‍ഗിന്റെയും റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മാസ്‌കിന് നഷ്ടമായി. ലൂയി വിറ്റണ്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഇതോടെ ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്റ്റംബര്‍ മുതല്‍ ലോക സമ്പന്നന്‍ എന്ന പദവി മസ്‌കിനു സ്വന്തമായിരുന്നു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രകാരം, ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യണ്‍ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം അര്‍നോള്‍ട്ടിന്റെ ആസ്തി 171 ബില്യണ്‍ ഡോളറായി. അതായത് 14.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഗൗതം അദാനി 125 ബില്യണ്‍ ഡോളര്‍ അഥവാ 10.32 ലക്ഷം കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. ചൊവ്വാഴ്ച ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്‌കിന്റെ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം. ന്യൂയോര്‍ക്കില്‍ മാസ്‌കിന്റെ ഓഹരികള്‍ 6.5 ശതമാനം ഇടിഞ്ഞ് 156.91 ഡോളറിലെത്തി, ഓഹരിയുടെ വിപണി മൂല്യം 500 ബില്യണ്‍ ഡോളറില്‍ താഴെയായി.

◾2022 ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമകളുടെയും വെബ് സീരിസുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് ഐഎംഡിബി വെബ്സൈറ്റ്. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ആണ് ഈ വര്‍ഷത്തെ ജനപ്രിയ ചിത്രം. ആമസോണ്‍ പ്രൈമിലെ 'പഞ്ചായത്ത്' ആണ് ജനപ്രിയ വെബ് സീരിസ്. ലോകമെമ്പാടുമുള്ള ഐഎംഡിബി ഉപയോക്താക്കള്‍ നല്‍കിയ റേറ്റിങിന്റെ അടിസ്ഥാനത്തിലാണ് ജനപ്രീതിയാര്‍ജിച്ച 10 ഇന്ത്യന്‍ സിനിമകളും വെബ് സീരിസുകളും പ്രഖ്യാപിച്ചത്. ദ് കശ്മീര്‍ ഫയല്‍സ്, കെജിഎഎഫ്: ചാപ്റ്റര്‍ 2, വിക്രം, കാന്താര എന്നീ ചിത്രങ്ങള്‍ യഥാക്രമം പിന്നീടുള്ള ആദ്യ അഞ്ചില്‍ ഇടം പിടിച്ചപ്പോള്‍ നമ്പി നാരായണന്റെ കഥ പറഞ്ഞ റോക്കട്രി: ദ് നമ്പി ഇഫക്ട് ആറാം സ്ഥാനവും നേടി. മേജറാണ് എഴാം സ്ഥാനത്തുള്ള ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം എട്ടാം സ്ഥാനവും പൊന്നിയന്‍ സെല്‍വന്‍: പാര്‍ട്ട് വണ്‍ ഒന്‍പതാം സ്ഥാനവും നേടിയപ്പോള്‍ 777 ചാര്‍ലിയും ആദ്യ പത്തില്‍ ഇടം പിടിച്ചു. ഡല്‍ഹി ക്രൈം, റോക്കറ്റ് ബോയ്സ്, ഹ്യൂമന്‍ എന്നീ സീരിസുകള്‍ യഥാക്രമം രണ്ടും മൂന്നൂം നാലും സ്ഥാനത്തെത്തിയപ്പോള്‍ അപ്ഹരണ്‍ ആണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റൊരു സീരിസ്. ഗുല്ലക്, എന്‍സിആര്‍ ഡേയ്സ്, അഭയ്, ക്യാംപസ് ഡയറീസ,് കോളജ് റൊമാന്‍സ് എന്നിവ ആറുമുതല്‍ പച്ചു വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

◾മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൈറ്റിലും റിലീസ് ചെയ്തു. 'ക്രിസ്റ്റി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോക്കി മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീല്‍ ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാര്‍ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

◾മക്ലാറന്റെ ഏറ്റവും വിലയേറിയ കാര്‍ ഇന്ത്യയിലെത്തി. 12 കോടി രൂപ വിലമതിക്കുന്ന മക്ലാറന്‍ 765 എല്‍ടി സ്പൈഡര്‍ ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നസീര്‍ ഖാനാണ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പ്രദര്‍ശിപ്പിച്ച 765 എല്‍ടി സ്പൈഡറാണ് ഉടമയ്ക്ക് കൈമാറ്റം ചെയ്തിരിക്കുന്നത്. വാഹനം വാങ്ങിയ നസീര്‍ ഖാന്‍ വാഹനത്തിന്റെ ഏറ്റവും പുതിയ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. എംഎസ്ഒ വോള്‍കാനോ റെഡ് നിറത്തിലുള്ള സൂപ്പര്‍കാറാണ് ഇത്. മക്ലാറന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വേഗതയേറിയ കണ്‍വെര്‍ട്ടബിള്‍ കാറാണ് 765 എല്‍ടി സ്പൈഡര്‍. ബോഡി വര്‍ക്കിനായി കാര്‍ബണ്‍ ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്. 11 സെക്കന്‍ഡിനുള്ളില്‍ വാഹനം ഓപ്പണ്‍ ടോപ്പായി കണ്‍വര്‍ട്ട് ചെയ്യാം. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 പെട്രോള്‍ വാഹനമാണ് ഇത്. 766 എച്ച്പി കരുത്തും 800 എന്‍എം ടോര്‍ക്കും വാഹനം പ്രദാനം ചെയ്യും. 7 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്സാണ് വാഹനത്തിലുള്ളത്. റിയര്‍വീല്‍ ഡ്രൈവാണ് മക്ലാറന്‍ 765 എല്‍ടി സ്പൈഡറിന്. വാഹനത്തിന്റെ കൃത്യമായ വില പുറത്തായിട്ടില്ലെങ്കിലും 12 കോടിയില്‍ കുറയില്ല. ആകെ 765 വാഹനങ്ങള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്‍ഫിനിറ്റി ഗ്രൂപ്പാണ് ഇന്ത്യയില്‍ മക്ലാറന്‍ വിപണിയിലെത്തിക്കുന്നത്.

◾ഒരു ദശകത്തിനുമുമ്പ് കേരളത്തില്‍ വന്ന ലോക ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയ്ക്കുവേണ്ടി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിവെച്ചിരുന്ന, ചെ ഗുവേരയും ഫിഡല്‍ കാസ്ട്രോയുമുള്‍പ്പെടെ മറഡോണയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകള്‍ പകര്‍ത്തിവെച്ചിട്ടുള്ള ഏഴു പന്തുകളിലൊന്നില്‍ ഒരു രഹസ്യമുണ്ടെന്ന സംശയത്തെ അടിസ്ഥാനമാക്കിയുള്ള നോവല്‍. ഐ. എം. വിജയനും ഷറഫ് അലിയും ആസിഫ് സാഹിറും ജോ പോള്‍ അഞ്ചേരിയും ധനേഷുമൊക്കെയടങ്ങുന്ന കേരളത്തിന്റെ ഫുട്ബോള്‍ പ്രതിഭകളുടെ നിരയും, പുലര്‍ച്ചെ തൊട്ടേ വന്നെത്തിത്തുടങ്ങിയ ആരാധകവൃന്ദവും കാത്തിരിക്കുന്ന സ്റ്റേഡിയത്തിലേക്കെത്താന്‍ പത്തരമണിയോടെ ഹോട്ടലില്‍നിന്നിറങ്ങുന്ന മറഡോണയോടൊപ്പം പതിയെപ്പതിയെ വളര്‍ന്നുതുടങ്ങുന്ന സംശയങ്ങളും ഉദ്വേഗവും നിഗൂഢതകളും... കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും സങ്കല്പവും യാഥാര്‍ത്ഥ്യവുമെല്ലാം കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന നോവല്‍. 'ഏഴാമത്തെ പന്ത്'. ഇ. സന്തോഷ് കുമാര്‍. മാതൃഭൂമി ബുക്സ്. വില 96 രൂപ.

◾സന്ധിവാതമുള്ളവരെ സംബന്ധിച്ചിടത്തോളം മഞ്ഞുകാലം അതികഠിനമാണ്. എന്നാല്‍ ചെറിയ കരുതലുകള്‍ ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. വെളുത്തുള്ളി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലില്‍ ഡൈസള്‍ഫൈഡ്' എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. ഒലീവ് ഓയില്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാചകത്തിന് വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയില്‍ ശീലമാക്കിയാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നട്സും വിത്തുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത, ചിയ സീഡ്സ്, ഫ്ലക്സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗ്രീന്‍ ടീ ആണ് അടുത്തത്. എല്ലാ ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അസ്ഥികള്‍ക്ക് ബലം നല്‍കും. പാലും പാലുത്പന്നങ്ങളും ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ഡി, കാത്സ്യം തുടങ്ങിയവ ലഭിക്കാന്‍ പാലും തൈരുമൊക്കെ ധാരാളമായി കഴിക്കാം. ഇവയൊക്കെ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്തെ രാജാവിന് മാരകമായ അസുഖം പിടിപെട്ടു. പ്രശസ്തരായ പല വൈദ്യരും വന്നെങ്കിലും അസുഖം ഭേദമായില്ല. ഒരിക്കല്‍ ദൂരെ നാട്ടില്‍ നിന്നും ഒരു വൈദ്യന്‍ വന്നെത്തി. അദ്ദേഹം പറഞ്ഞു: ഈ രോഗത്തിന് മരുന്നില്ല. പക്ഷേ, ഒരു കാര്യം ചെയ്താല്‍ താങ്കള്‍ രക്ഷപ്പെടും. ഇനി മുതല്‍ ഒരുവര്‍ഷക്കാലം പച്ചനിറം മാത്രമേ കാണാവൂ. രാജാവ് പിറ്റേന്ന് തന്നെ കല്‍പനയിറക്കി. ഇനി ഈ നാട്ടില്‍ പച്ചനിറം മാത്രമേ കാണാവൂ... കൊട്ടാരചുമരുകള്‍, ആളുകളുടെ വസ്ത്രങ്ങള്‍, എന്തിന് മൃഗങ്ങള്‍ക്ക് വരെ പച്ച നിറമടിച്ചു. ഒരു വര്‍ഷം കടന്നുപോയി. രാജാവിന്റെ അസുഖം മാറി. അദ്ദേഹം അസുഖം മാറ്റിയ വൈദ്യനെ വിളിച്ചുവരുത്തി ധാരാളം പാരിതോഷികങ്ങള്‍ നല്‍കി. ആ വൈദ്യന്‍ പറഞ്ഞു: താങ്കളെ പോലെ ഒരു വിഢ്ഢിയായ രാജാവിനെ ഞാന്‍ കണ്ടിട്ടില്ല. അത്ഭുതത്തോടെ നിന്ന രാജാവിനെ നോക്കി അയാള്‍ തുടര്‍ന്നു. ഒരു പച്ചകണ്ണടവെച്ചാല്‍ തീരുന്ന ഒരു കാര്യത്തിനാണ് താങ്കള്‍ ഈ നാടുമുഴുവന്‍ പച്ചയാക്കിയത് ആത്മനിയന്ത്രണത്തേക്കാള്‍ എളുപ്പം അപരനെ നിയന്ത്രിക്കലാണ്. ആത്മനിയന്ത്രണത്തിന് ഉള്ളുരുകണം, സുഖാനുഭവങ്ങളുടെ പുതപ്പ് മാറ്റണം, അനിഷ്ടങ്ങളുടെ തീച്ചൂളയില്‍ സ്വയം പാകപ്പെടണം എന്നാല്‍ അന്യനെ നിയന്ത്രിക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. വെറും അധരവ്യായാമം മാത്രം മതി. കല്‍പനകളിലൂടെയോ വിദഗ്‌ധോപദേശങ്ങളിലൂടെയോ അവരുടെ കടിഞ്ഞാണ്‍ കൈക്കലാക്കിയാല്‍ മാത്രം മതി. താന്‍ സമ്പൂര്‍ണ്ണശരിയാണെന്നും ചുററുമുള്ളവരെല്ലാം തിരുത്തലിന് വിധേയമാക്കപ്പെടേണ്ടവരാണെന്നും അബദ്ധധാരണയുളളവര്‍ അഹംബോധത്തിന്റെ ആള്‍രൂപങ്ങളാണ്. അത്തരത്തിലുള്ളവര്‍ക്ക് അധികാരം കിട്ടിയാല്‍ അത് അവരുടെ താഴെയുള്ളവരുടെ ജീവിതം ദുഃസ്സഹമാക്കും. താന്‍ മാറുന്നതാണ് എളുപ്പം എന്ന് വിശ്വസിക്കുന്ന ആളുകളുള്ള സമൂഹത്തില്‍ അതിവേഗം രൂപാന്തരണശേഷിയുണ്ടാകും. എന്നാല്‍ അന്യനാണ് മാറേണ്ടത് എന്ന ചിന്താഗതിയാണെങ്കില്‍ അവിടെ ആരും വളരുകയില്ല. തനിക്ക് വേണ്ടി മറ്റെല്ലാവരും മാറണമെന്ന ചിന്തയേക്കാള്‍ മറ്റെല്ലാവര്‍ക്കും വേണ്ടി താനൊരാള്‍ മാറിയാല്‍ മതി എന്ന തിരിച്ചറിവ് സാമൂഹികവിപ്ലവം സൃഷ്ടിക്കും. അത്തരമൊരു സാമൂഹികവിപ്ലവത്തിന് നാം കാരണക്കാരായി മാറട്ടെ - ശുഭദിനം.
Media 16