തൃശൂര്‍: ഖത്തറില്‍ അര്‍ജന്‍റീന ലോകകപ്പ് ഉയര്‍ത്തി ആഘോഷിക്കുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ക്കിപ്പുറത്ത് തൃശൂര്‍ ചേറൂരില്‍ ആയിരം പേര്‍ക്കുള്ള ബിരിയാണിക്കായി അരി കഴുകിത്തുടങ്ങിയിരുന്നു.
അര്‍ജന്‍റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ വിജയിച്ചാല്‍ ആയിരം പേര്‍ക്കു സൗജന്യമായി ബിരിയാണി നല്‍കുമെന്ന് തൃശൂര്‍ ചേറൂര്‍ പള്ളിമൂലയിലെ റോക്ക് ലാന്‍ഡ് ഹോട്ടല്‍ ഉടമ ഷിബു പൊറത്തൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആളുകൂടിയപ്പോള്‍ ആയിരമെന്നത് 1,500 പേര്‍ക്കായി ഉയര്‍ത്തി. ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന വിജയിച്ചതോടെ ഷിബുവും കൂട്ടരും ബിരിയാണിയുടെ ഒരുക്കങ്ങളിലേക്കു കടന്നു. വാഗ്ദാനം പാലിച്ച് ഇന്നലെ ഉച്ചയോടെ റോക്ക് ലാന്‍ഡ് ഹോട്ടലില്‍ ആദ്യമെത്തിയ 1,500 പേര്‍ക്കാണ് സൗജന്യമായി ബിരിയാണി വിളമ്പുകയും ചെയ്തു.
ഫൈനലിലെ ആവേശപ്പോരാട്ടം കണ്ട് ആര്‍പ്പുവിളിച്ച് ശബ്ദംപോയ അവസ്ഥയിലായിരുന്നു ഹോട്ടലുടമ ഷിബു. അര്‍ജന്‍റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഷിബു തന്‍റെ പ്രിയപ്പെട്ട ടീം ജയിച്ചാല്‍ അതിന്‍റെ സന്തോഷം ഇത്തരത്തില്‍ കൊണ്ടാടണമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
280 കിലോ കോഴിയാണ് ആയിരം പേര്‍ക്കുള്ള ചിക്കന്‍ബിരിയാണിയുണ്ടാക്കാന്‍ ഉപയോഗിച്ചത്. 150 കിലോയുടെ അരിയും വേണ്ടിവന്നു. പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശി ബഷീര്‍, തൃശൂര്‍ കോലഴി സ്വദേശി ഗോപി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം പേരാണ് ആയിരത്തഞ്ഞൂറു പേര്‍ക്കുള്ള ബിരിയാണി തയാറാക്കിയത്. അര്‍ജന്‍റീന പതാകയുടെ നിറങ്ങളില്‍ അലങ്കരിച്ച ഹോട്ടലില്‍ അര്‍ജന്‍റീനയുടെ ജേഴ്സിയണിഞ്ഞാണ് ബിരിയാണി വിളമ്പുകയും ചെയ്തത്.
തൃശൂരിന്‍റെ പല ഭാഗങ്ങളിലുമുള്ള അര്‍ജന്‍റീന ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമിന്‍റെ ചരിത്രവിജയം ബിരിയാണി കഴിച്ച് ആഘോഷിക്കാന്‍ രാവിലെതന്നെ ചേറൂരിലെത്തിയിരുന്നു. ഹോട്ടലിനു മുന്നില്‍ നീണ്ട വരിയും ഉണ്ടായിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എ ഹോട്ടലിലെത്തി ആഘോഷത്തില്‍ പങ്കുചേരുകയും ചെയ്തു.