മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും.ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. അഞ്ചിന് പൂനെയില്‍ രണ്ടാം ടി20യും ഏഴിന് രാജ്‌കോട്ടില്‍ മൂന്നാം ടി20 മത്സരവും നടക്കും. പത്തിന് ഗോഹട്ടിയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുക. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും.ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക്ശേഷമാണ് ശ്രീലങ്കക്കെതിരായ പരമ്പര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രീലങ്കക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമിലിടം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന് പരിക്കേറ്റതിനാല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുലാണ് ബംഗ്ലാദേശിനെതിരെ വിക്കറ്റ് കീപ്പറുടെ റോളില്‍ കളിക്കുന്നത് . ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിച്ചാല്‍ തിരുവനന്തപുരത്ത് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കും.ശ്രീലങ്കക്ക് പുറമെ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകളുടെ മത്സരക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം ജനുവരി 18 മുതല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ കളിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാഗ്‌പൂര്‍, ഡല്‍ഹി, ധര്‍മശാല, അഹമ്മദാബാദ് എന്നിവിടങ്ങളാണ് വേദിയാവുക.