സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ചന്തയിൽ 1437 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ 755 രൂപയ്ക്ക്

ക്രിസ്മസ്- പുതുവത്സരത്തോട് അനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.

ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. പൊതു വിപണിയില്‍ വില പിടിച്ചുനിര്‍ത്തുന്ന ഇടപെടല്‍ സപ്ലൈകോ തുടരുകയാണെന്നും കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം ഇടപെടലുകളുടെ പ്രയോജനം വലിയ തോതില്‍ ജനങ്ങള്‍ക്ക് ലഭിച്ചതായും മന്ത്രി പറഞ്ഞു.

1437 രൂപ യഥാര്‍ഥ വിലവരുന്ന നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡിയായി 755 രൂപ നിരക്കില്‍ ചന്തയില്‍ നല്‍കുന്നത്. സബ്‌സിഡി നിരക്കില്‍ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വന്‍പയര്‍ 47.10 രൂപ, തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റര്‍) 125 രൂപ എന്നിങ്ങനെ ലഭിക്കും.