100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യം; മരണസംഖ്യ 48 ആയി

ന്യൂയോർക്ക്:  യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു. അമേരിക്കയിൽ മരണസംഖ്യ 48ആയി. ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവനാണ് കവർന്നത്. അമേരിക്കയിൽ റെയിൽ, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായിരിക്കുകയാണ്.100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോൾ ദുരിതം വിതയ്ക്കുന്നത്.പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി.ശീതക്കൊടുങ്കാറ്റു മൂലം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകളാണ് യുഎസിൽ റദ്ദാക്കിയത്. ന്യൂയോർക്കിലാണ് സ്ഥിതി കൂടുതൽ സങ്കീർണം. ന്യൂയോർക്ക് സംസ്ഥാനത്തെ ബഫലോയിലാണ് കൂടുതൽ മരണവും റിപോർട്ട് ചെയ്തത്. രണ്ടര ലക്ഷം വീടുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. നൂറ്റാണ്ടിലെ ഹിമപാതമാണ് ഇപ്പോൾ ഉളളതെന്നും ജാഗ്രതപാലിക്കണമെന്നും ഗവർണർ കാത്തി ഹോച്ചുൾപറഞ്ഞു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുപൊതിഞ്ഞിരിക്കയാണ്. നിരവധിപേരാണ് വീടുകളിൽ കുടുങ്ങിയിരിക്കുന്നത്.കാനഡയിലും അതിശൈത്യം ജനജീവിതത്തെ സ്തംഭിപ്പിച്ചു. ജപ്പാനിൽ നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റു. വടക്കുകിഴക്കൻ ജപ്പാനിൽ പലയിടത്തും മഞ്ഞുവീഴ്ച മൂന്നിരട്ടി വർധിച്ചെന്നാണു റിപ്പോർട്ട്.