മുത്താഭരണത്തിനു തിരികെലഭിച്ചത് സ്വരുക്കൂട്ടിയ സ്വപ്‌നങ്ങൾ

മകളുടെ കല്യാണത്തിനായി സ്വരുക്കൂട്ടിയ അരലക്ഷം രൂപ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് തമിഴ്‌നാട് സ്വദേശി മുത്താഭരണം. താമസിക്കുന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ അമ്പതിനായിരം രൂപ അരയില്‍ കെട്ടിയാണ് മുത്താഭരണം ആക്രിപെറുക്കാന്‍ പോയിരുന്നത്.

പൂവാട്ടുപറമ്പ് പെരുമണ്‍പുറ ഭാഗത്ത് താമസിക്കുന്ന ഇവര്‍ കഴിഞ്ഞ ദിവസം ജോലിക്കായി കുറ്റിക്കാട്ടൂരില്‍ പോയപ്പോളാണ് അരയില്‍കെട്ടി സൂക്ഷിച്ചിരുന്ന പണം നഷ്ടമായത്. ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തി സംഭവം അറിയിച്ചു. ഉടന്‍ തന്നെ പോലീസുകാര്‍ കുറ്റിക്കാട്ടൂരിലെത്തി. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ പണവുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ കിട്ടി. ഈ ദൃശ്യം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചാണ് പണം എടുത്തയാളെ കണ്ടെത്തിയത്. ആനക്കുഴിക്കര സ്വദേശിയായ ഇയാളെ സ്റ്റേഷനില്‍ എത്തിച്ച് വൈകുന്നേരത്തോടെ പണം മുത്താഭരണത്തിന് തിരികെ നല്‍കി. വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെ കിട്ടാന്‍ സഹായിച്ച പോലീസുകാര്‍ക്ക് നന്ദി പറഞ്ഞാണ് മുത്താഭരണം മടങ്ങിയത്. 
#keralapolice