കടലോളം സ്വപ്‌നം കണ്ട സുൽഫത്തിന്‍റെ കഥ! മത്സ്യത്തൊഴിലാളി കുടുംബത്തിലെ ആദ്യ ഡോക്ടർ; പൊന്നാനി കടപ്പുറത്ത് സന്തോഷം

മലപ്പുറം: പൊന്നാനി കടലോരത്തിരുന്ന് സ്വപ്‌നം കണ്ടിരുന്ന ഒരു പെൺകുട്ടി, കടലോളം തന്നെ ആശിച്ച ആ സ്വപ്‌നത്തിന് പിന്നാലെ സഞ്ചരിച്ച് തന്റെ പേരിന് മുമ്പിൽ ഡോക്ടറെന്ന പേര് എഴുതിച്ചേർത്തപ്പോൾ ആ കടപ്പുറവും സന്തോഷം കൊണ്ട് തിരകളിട്ടു. പേര് സുൽഫത്ത്. ഇപ്പോൾ ഡോക്ടർ സുൽഫത്ത്. സർക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ എം ബി ബി എസ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ മത്സ്യത്തൊഴിലാളി കുടുംബത്തിലെ യുവതി. മത്സ്യത്തൊഴിലാളിയായ ഏഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മൂന്ന് മക്കളിൽ മൂത്തവളാണ്.പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി വിജയം നേടിയത് മുതലാണ് സുൽഫത്തിന് ഡോക്ടറാകണമെന്ന മോഹം ഉദിച്ചത്. മത്സ്യത്തൊഴിലാളിയായ പിതാവിന് ജീവിതച്ചെലവിനിടക്ക് പഠന ചെലവും കൂടി ഉൾക്കൊള്ളാൻ കഴിയുമോ എന്ന ഭയമായിരുന്നു ആദ്യം മനസ്സിൽ. പക്ഷെ നന്നായി പഠിച്ചാൽ സർക്കാർ കോളജിൽ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതിന് വേണ്ടിയാണ് പ്ലസ് ടുവിന് സയൻസ് വിഷയമെടുത്ത് പഠിച്ചത്. ഒപ്പം എൻഡ്രൻസ് കോച്ചിംഗിനും പോയി. റിസൾട്ട് വന്നപ്പോൾ പ്ലസ്ടുവിന് 98.5 ശതമാനം മാർക്കും നേടി. പക്ഷെ എൻഡ്രൻസിൽ സ്വാശ്രയ കോളജായ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളിലെ സർക്കാർ സീറ്റിലായിരുന്നു. ഫീസടക്കണമെന്ന സർക്കാർ ഉത്തരവ് തിരിച്ചടിയായി.

കൈത്താങ്ങായി പി ശ്രീരാമകൃഷ്ണന്റെ ഇടപെടൽ

പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിപ്പോൾ നാട്ടുകാർ സുൽഫത്തിനെ ആദരിച്ചിരുന്നു. അങ്ങനെയുള്ള ഒരു ചടങ്ങിലാണ് അന്നത്തെ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനെ പരിചയപ്പെടുന്നത്. നന്നായി പഠിക്കാനുള്ള പ്രചോദനം അന്ന് അദ്ദേഹം നൽകിയിരുന്നു. പണമില്ലെന്ന് കരുതി പഠിപ്പ് മുടക്കേണ്ട എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് പ്രതിസന്ധിഘട്ടത്ത് അദ്ദേഹത്തിന്റെ സമീപത്തെത്തിച്ചത്. 11 ലക്ഷം രൂപ വാർഷിക ഫീസായി കെട്ടിവെക്കണമെന്ന കോളജ് അധികൃതരുടെ ആവശ്യം ഇടിത്തീയായി. ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിന് ഇത് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. ഒ.ബി.സി മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഫീസിളവ് ഇല്ലെന്ന കടമ്പ മറികടക്കാൻ പി ശ്രീരാകമൃഷ്ണൻ ഇടപെടുകയായിരുന്നു.

ഫീസിളവ് എസ് സി വിദ്യാർഥികൾക്ക് മാത്രം

ഒ ബി സി മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഫീസിളവ് നൽകാൻ സാധിക്കുമായിരുന്നില്ല. മത്സ്യത്തൊഴിലാളികളിലെ എസ് സി വിദ്യാർഥികൾക്ക് മാത്രമായിരുന്നു ആനുകൂല്യത്തിന് അർഹത. വിഷയം അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിയുമായും ആരോഗ്യ, ഫിഷറീസ് മന്ത്രിമാരുമായുള്ള അദ്ദേഹത്തിന്റെ ചർച്ചയിലൂടെ വന്നത് നിർണായക തീരുമാനമായിരുന്നു. മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് സ്വാശ്രയ കോളജിലെ സർക്കാർ ഫീസ് ഫിഷറീസ് വകുപ്പ് അടക്കാൻ കഴിയുമോയെന്ന് വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദേശിച്ചു. അങ്ങനെ പട്ടികജാതിവർഗ കുട്ടികൾക്ക് അതത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി കുട്ടികൾക്ക് ഫിഷറീസ് വകുപ്പ് വഴി ലഭ്യമാക്കാമെന്ന് വിവിധ തലത്തിലെ ചർച്ചക്കൊടുവിൽ തീരുമാനമായി. രണ്ടുദിവസംകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. സുൽഫത്തിനെ മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയിലെ എല്ലാ വിദ്യാർഥികളേയും ചേർത്തുപിടിക്കുന്നതായിരുന്നു സർക്കാർ ഇടപെടൽ. ഫീസ് ഫിഷറീസ് വകുപ്പിൽനിന്ന് അഡ്മിഷൻ ലഭിച്ച കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് അക്കൗണ്ടിലേക്ക് എത്തിയതോടെ സുൽഫത്ത് എം.ബി.ബി.എസ് വിദ്യാർഥിനിയായി. ഇപ്പോൾ ഡോക്ടറും. ആറുമാസത്തെ ഹൗസ് സർജൻസികൂടി കഴിയുന്നതോടെ എം.ബി.ബി.എസ് പഠനം പൂർത്തിയാകും. തുടർന്ന് പി ജി ചെയ്യാനാണ് തീരുമാനം.

സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യണം


പി ജി പൂർത്തിയാക്കി കാർഡിയോളജസ്റ്റായി സർക്കാർ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യാനാണ് സുൽഫത്തിന്റെ ആഗ്രഹം. തന്നെ ഡോക്ടറാക്കാൻ പരിശ്രമിച്ച സർക്കാറിനോടുള്ള ആദരവ് കൂടിയായിട്ടാണ് സുൽഫത്ത് ഇതിനെ കാണുന്നത്. അനിയത്തി നൂറുൽ ഫിദ പ്ലസ് ടു പഠനം പൂർത്തിയാക്കി എൻഡ്രൻസ് എഴുതി റിസൾട്ടിനായി കാത്തിരിക്കുകയാണ്. ഇവർക്കും മെഡിക്കൽ പഠനത്തോട് തന്നെയാണ് താൽപ്പര്യം. സുൽഫത്തിന് പിന്നാലെ അനിയത്തിയും ഡോക്ടറായി കാണണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹവും. അനിയൻ സുഹൈബ് മൊബൈൽ ഫോൺ ടെകേ്‌നാളളി പൂർത്തിയാക്കി ജോലി ചെയ്യുകയാണ്.