തിരുവനന്തപുരത്ത് ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് കെഎസ്ആർടിസി ബസിലിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ബാലരാമപുരം ജംഗ്ഷന് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടം. കെഎസ്ആർടിസി ഡ്രൈവർ അടക്കം അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലർ. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകൾ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടെ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
30 വർഷത്തോളം സർവീസ് നടത്തിയ എയർ ബസ് എ 320 വിമാനം 2018 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാംഗർ യൂണിറ്റിലായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർഥികളുടെ പഠനത്തിന് തുടർന്നും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ലേലത്തിൽ വെക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശി ജോഗിന്ദർ സിംഗ് 75 ലക്ഷം രൂപക്കാണ് വിമാനം സ്വന്തമാക്കിയത്.