തൃശൂര്‍• പല്ലിശേരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍, മകന്‍ ജിതിന്‍ എന്നിവരാണ് മരിച്ചത്. അയല്‍വാസിയായ വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളുമുണ്ടാക്കിയ വേലപ്പന്‍ ചന്ദ്രനെയും മകനെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാര്‍ നിര്‍ത്തി സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ചെത്തിയ വേലപ്പന്‍ ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന്‍ രണ്ടുപേരെയും കുത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ചന്ദ്രന്റെ ഭാര്യ രാധ. മറ്റൊരു മകന്‍ ഗോകുല്‍. നീതുവാണ് ജിതിന്റെ ഭാര്യ. മക്കള്‍: സായന്ദ്, സരസ്‌കൃത. 2008-ല്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് വേലപ്പന്‍.