ചെന്നൈയിലെ അയിനാവാരത്ത് താമസിക്കുന്ന 74 വയസ്സുള്ള കരുണാകരന്‍, ഭാര്യ പത്മാവതി (70) എന്നിവര്‍ക്കാണ് ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. റെയില്‍വേയില്‍നിന്നും വിരമിച്ച കരുണാകരന്‍ റിട്ടയര്‍മെന്റിനുശേഷം ഭാര്യയ്‌ക്കൊപ്പം ഇവിടെയുള്ള വീട്ടിലാണ് താമസം. ഇവര്‍ക്ക് നാലു മക്കളാണ്. നാലുപേരും ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയാണ്. വാര്‍ദ്ധ്യ കാലത്ത് ഒറ്റപ്പെട്ട് ജീവിക്കുന്നതിന്റെ സകലപ്രയാസങ്ങളും ഈ ദമ്പതികള്‍ക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മക്കള്‍ ഇടക്കിടെ സന്ദര്‍ശിക്കുമെങ്കിലും ഇവര്‍ ഇരുവരും അത്ര നല്ല അവസ്ഥയിലായിരുന്നില്ല. വഴക്കും പ്രശ്‌നങ്ങളും പതിവായിരുന്നതായി അയല്‍ക്കാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. സമീപത്തെ ഒരു കടയില്‍നിന്നും കരുണാകരന്‍ ബിരിയാണി പാക്കറ്റ് വാങ്ങിക്കൊണ്ടു വന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ബിരിയാണി ഒറ്റയ്ക്ക് തിന്നാനായിരുന്നു കരുണാകരന്റെ പ്‌ളാന്‍. എന്നാല്‍, പത്മാവതി ഇത് ചോദ്യം ചെയ്തു. തനിക്കും ബിരിയാണി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അതോടെ, ഇരുവരും തമ്മിലടിയായി. അതിനിടെയാണ് കരുണാകരന്‍ അടുക്കളയില്‍നിന്നും മണ്ണെണ്ണ എടുത്തുകൊണ്ടു വന്ന് ഭാര്യയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തിയത്. ശരീരമാസകലം തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് പത്മാവതി ഭര്‍ത്താവിന്റെ അടുത്തേക്കു ഓടിച്ചെന്ന് അയാളെ വിടാതെ കെട്ടിപ്പിടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കരുണാകരന്റെ ശരീരത്തിലും തീ പടര്‍ന്നു. അതോടെ ഇരുവരും കത്തുന്ന അവസ്ഥയില്‍ താഴെ വീണു.
വഴക്കും അലര്‍ച്ചയും കേട്ട് അയല്‍വാസികള്‍ വന്നപ്പോള്‍ ഭീകരമായ കാഴ്ചയായിരുന്നു. തുടര്‍ന്ന് അവര്‍, അബോധാവസ്ഥയിലായ ഇരുവരെയും അടുത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 65 ശതമാനം പൊള്ളലേറ്റ പത്മാവതിയുടെയും 50 ശതമാനം പൊള്ളലേറ്റ കരുണാകരന്റെയും അവസ്ഥ ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിറ്റേ ദിവസം ആയപ്പോള്‍ പത്മാവതിയ്ക്ക് ബോധം തെളിഞ്ഞു. അവര്‍ പൊലീസിനോട് നടന്നതെല്ലാം പറഞ്ഞു. എന്നാല്‍, പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം കരുണാകരനും മരണത്തിന് പിടികൊടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.