മൂന്നാർ മണ്ണിടിച്ചിൽ: ട്രാവലർ കിലോമീറ്റർ താഴേക്ക് പോയി, ആളെ കണ്ടെത്താനായില്ല; തിരച്ചിൽ തത്കാലം നിർത്തിവച്ചു

മൂന്നാർ: മൂന്നാർ മണ്ണിടിച്ചിലിൽ പെട്ടയാളെ ഇനിയും കണ്ടെത്താനായില്ല. മണ്ണിടിച്ചിൽ പെട്ട വാഹനം ഒരു കിലോമീറ്റർ താഴേക്ക് പോയെന്നാണ് വ്യക്തമാകുന്നത്. ഈ വാഹനത്തിനുള്ളിൽ നിന്നും കാണാതായ ആളെയാണ് ഇനിയും കണ്ടെത്താനായിട്ടില്ലാത്തത്. പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും മൂലം തിരച്ചില്‍ ഇന്നത്തേക്ക് താല്‍ക്കാലികമായി അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉരുള്‍ പൊട്ടിയൊഴുകിയ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്ന ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും.

അതേസമയം മണ്ണിടിച്ചിലിൽ ഉണ്ടായ മൂന്നാർ വട്ടവട റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ യാത്ര നിരോധനം ഉള്ളതിനാൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചെന്ന് നേരത്തെ കളക്ടർ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ നാലുമണിയോടെയാണ് മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിച്ചിലുണ്ടായത്. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ ഈ സമയത്ത് വാഹനത്തിനുള്ളിലുണ്ടായിരുന്നു എന്നാണ് സൂചന. ഇദ്ദേഹത്തെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചിൽ നാളെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.