പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍പരിശോധന നടത്തി.

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍പരിശോധന നടത്തി. മൊത്തവ്യാപാരക്കടകളിലെ ആന്ധ്രാ ജയ അരിയുടെ മൊത്തവ്യാപാരബില്ലും ബന്ധപ്പെട്ട രജിസ്റ്ററുകളും പരിശോധിച്ചതില്‍ ആന്ധ്രാ ജയ, മട്ട അരികളുടെ മാത്രം വിലയിലാണ് വര്‍ദ്ധനവ് കണ്ടെത്താനായത്. തുടര്‍ന്ന് പ്രമുഖ മൊത്തവ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ നിലവിലുള്ള വിലയില്‍ വര്‍ദ്ധനവുണ്ടാകാത്ത രീതിയില്‍ ഒരു മാസക്കാലയളവില്‍ വില്‍പ്പന നടത്താമെന്നും അരിവില നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് സര്‍ക്കാരുമായി സഹകരിക്കാമെന്നും അവര്‍ ഉറപ്പ് നല്‍കി. പയറുത്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവ് കണ്ടെത്തിയില്ല. 

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്താനായില്ല. വിലനിലവാര ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അളവുതൂക്ക സംബന്ധമായ വ്യത്യാസങ്ങള്‍, ഭക്ഷ്യസുരക്ഷാ ലൈസന്‍സുകള്‍ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നീ ക്രമക്കേടുകള്‍ നടത്തിയ വ്യാപാരികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നോട്ടീസ് നല്‍കി. അരിവില്‍പ്പന നടത്തുന്ന എട്ടും, പലവ്യജ്ഞനവും പച്ചക്കറിയും വില്‍ക്കുന്ന നാലുവീതവും സവാള, ഉള്ളി എന്നിവയുടെ ഓരോ മൊത്തവ്യാപാരകേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. തിരുവനന്തപുരം താലൂക്കില്‍ അഞ്ചും നെയ്യാറ്റിന്‍കര താലൂക്കിലെ മൂന്നും ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളിലെ നാല് വീതവും വര്‍ക്കല, കാട്ടാക്കട താലൂക്കുകളിലെ രണ്ടുവീതവും മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയില്ല. പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു. താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും .