കണ്ണൂരില്‍ കാർ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു; മകന്‍റെ നില ഗുരുതരം

കണ്ണൂർ : കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മകൻ ബിൻസിന് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗത്തിൻ്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി.