ഇംഗ്ലണ്ട് ഒന്നാം ഗോൾ: 50–ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു അവരുടെ ആദ്യ ഗോളിന്റെ പിറവി. ഫിൽ ഫോഡനെ ബോക്സിനു സമീപം റോഡൻ വീഴ്ത്തിയതിന് പോസ്റ്റിന് 20 വാര അകലെയായി ലഭിച്ച ഫ്രീകിക്ക് എടുത്തത് മാർക്കസ് റാഷ്ഫോർഡ്. പോസ്റ്റിനു മുന്നിൽ വെയ്ൽസ് താരങ്ങൾ തീർത്ത പ്രതിരോധ മതിലിനു മുകളിലൂടെ മാർക്കസ് റാഷ്ഫോർഡിന്റെ ബുള്ളറ്റ് ഷോട്ട് വലയിലെത്തി. സ്കോർ 1–0.ഇംഗ്ലണ്ട് രണ്ടാം ഗോൾ: ആദ്യ ഗോളിനു വഴിയൊരുക്കിയ ഫ്രീകിക്ക് നേടിയെടുത്ത ഫിൽ ഫോഡൻ തൊട്ടടുത്ത മിനിറ്റിൽ ഇംഗ്ലണ്ടിനായി രണ്ടാം ഗോളും നേടി. വെയ്ൽസിന്റെ പരിചയസമ്പത്തുള്ള പ്രതിരോധത്തിനു പാളിയ നിമിഷത്തിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. വലതുവിങ്ങിൽ ഡേവീസിന്റെ പിഴവു മുതലെടുത്ത് ഹാരി കെയ്ൻ പോസ്റ്റിനു സമാന്തരമായി നൽകിയ ക്രോസിൽ ഫിൽ ഫോഡന്റെ കിടിലൻ ഫിനിഷ്. സ്കോർ 2–0.ഇംഗ്ലണ്ട് മൂന്നാം ഗോൾ: രണ്ടാം ഗോളിനു പിന്നാലെ പരിശീലകൻ ഇംഗ്ലിഷ് നിരയിൽ വരുത്തിയത് നാലു മാറ്റങ്ങൾ. ഇതിനു പിന്നാലെയായിരുന്നു ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളിന്റെ പിറവി. പകരക്കാരനായി എത്തിയ കാൽവിൻ ഫിലിപ്സിന്റെ പാസിൽനിന്ന് ലക്ഷ്യം കണ്ടത് മാർക്കസ് റാഷ്ഫോർഡ്. സ്വന്തം പകുതിയിൽനിന്നും കാൽവിൻ ഫിലിപ്സിന്റെ നെടുനീളൻ ക്രോസ് വെയ്ൽസിന്റെ പകുതിയിലേക്ക്. ഒപ്പമോടിയ വെയ്‌ൽസ് താരത്തെ പിന്തള്ളി പന്ത് റാഷ്ഫോർഡ് പിടിച്ചെടുത്തു. ശേഷം സുന്ദര പദചലനങ്ങളുമായി ബോക്സിനുള്ളിൽ കടന്ന് ഒരുഗ്രൻ വോളി. ഡാനി വാർഡിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിൽ ചുംബിച്ചു. സ്കോർ 3–0.
പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിൽ നിന്ന ആദ്യപകുതിയിൽ കടുത്ത പ്രതിരോധം തീർത്താണ് വെയ്‌ൽസ് പോരാടിയത്. ആദ്യപകുതിയിൽ ലഭിച്ച സുവർണാവസരം മാർക്കസ് റാഷ്ഫോർഡ് പാഴാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ക്യാപ്റ്റൻ ഹാരി കെയ്നിന്റെ പാസ് പിടിച്ചെടുത്ത് മുന്നേറിയ റാഷ്ഫോർഡിന്, വെയ്‌ൽസിന്റെ രണ്ടാം നമ്പർ ഗോൾകീപ്പർ ഡാനി വാർഡിനെ മറികടക്കാനായില്ല.മത്സരത്തിന്റെ 10–ാം മിനിറ്റിലാണ് ഇംഗ്ലിഷ് ആരാധകർ ഗോളെന്നുറപ്പിച്ച അവസരം റാഷ്ഫോർഡ് പാഴാക്കിയത്. ഹാരി കെയ്ൻ നീട്ടിനൽകിയ പന്തുമായി വെയ്‌ൽസ് പ്രതിരോധത്തെ മറികടന്ന് റാഷ്ഫോർഡ് ബോക്സിനുള്ളിൽ കടന്നതാണ്. എന്നാൽ, അപകടം മണത്ത് മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ ഡാനി വാർഡ് പന്ത് തടുത്ത് അപകടം ഒഴിവാക്കി. 38–ാം മിനിറ്റിൽ നല്ലൊരു മുന്നേറ്റത്തിനൊടുവിൽ ബോക്സിന്റെ നടുവിൽ ലഭിച്ച പന്ത് ഫിൽ ഫോഡനും പുറത്തേക്കടിച്ചുകളഞ്ഞു.അതേസമയം, ഇൻജറി ടൈമിൽ വെയ്ൽസിനു ലഭിച്ച അവസരം ജോ അലനും പുറത്തേക്കടിച്ച് പാഴാക്കി. ഇറാനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ വെയ്ൻ ഹെന്നെസ്സി സസ്പെൻഷനിലായതിനാലാണ് നിർണായക മത്സരത്തിൽ രണ്ടാം നമ്പർ ഗോൾകീപ്പർ ഡാനി വാർഡാണ് വെയ്‍ൽസിനായി ഗോൾവല കാക്കുന്നത്. ആദ്യപകുതിയിൽ പരുക്കേറ്റ നിക്കോ വില്യംസിനു പകരം കോണർ റോബർട്ട്സനാണ് വെയ്‌ൽസ് നിരയിൽ കളിക്കുന്നത്.രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് നേടിയ മൂന്നു ഗോളുകൾക്കു പുറമെ, നേരിയ വ്യത്യാസത്തിൽ നഷ്ടമായ ഗോളുകളുമുണ്ട്. രണ്ടു ഗോൾ ലീഡ് നേടിയതിനു പിന്നാലെ ഇംഗ്ലണ്ട് നിരയിൽ പരിശീലകൻ സൗത്ത്ഗേറ്റ് മൂന്നു മാറ്റങ്ങൾ വരുത്തി. കൈൽ വാൽക്കർ, ഹാരി കെയ്ൻ, ഡെക്ലാൻ റൈസ് എന്നിവർക്കു പകരം അലക്സാണ്ടർ അർണോൾഡ്, കല്ലം വിൽസൻ, കാൽവിൻ ഫിലിപ്സ് എന്നിവർ കളത്തിലെത്തി. അധികം വൈകാതെ ലൂക്ക് ഷായ്ക്കു പകരം കീറൺ ട്രിപ്പിയറുമെത്തി.72–ാം മിനിറ്റിൽ റാഷ്ഫോർഡ് ഒരിക്കൽക്കൂടി ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും, വെയ്ൽസ് ഗോൾകീപ്പർ ഡാനി വാർഡിന്റെ തകർപ്പൻ സേവ് തടസ്സമായി. കല്ലം വിൽസൻ നൽകിയ പാസ് സ്വീകരിച്ച് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് ബൂട്ടുകൊണ്ടാണ് വാർഡ് തടുത്തത്. പിന്നാലെ ബെല്ലിങ്ങാമിന്റെ താഴ്ന്നെത്തിയ പന്തും വാർഡ് സമർഥമായി തടഞ്ഞു. റീബൗണ്ടിൽ ഫോഡനു പന്തിൽ തൊടാനാകാതെ പോയതും വെയ്‍ൽസിന്റെ പരാജയഭാരം കുറച്ചു.കഴിഞ്ഞ മത്സരത്തിൽ ഇറാനോടു തോറ്റ ടീമിൽ മൂന്നു മാറ്റങ്ങളാണ് വെയ്ൽസ് പരിശീലകൻ വരുത്തിയത്. ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ് നാലു മാറ്റങ്ങളും വരുത്തി. കൈൽ വാൽക്കർ, ഫിൽ ഫോഡൻ, മാർക്കസ് റാഷ്ഫോർഡ്, ഹെൻഡേഴ്സൻ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ മേസൺ മൗണ്ട്, റഹിം സ്റ്റെർലിങ്, ബുകായോ സാക, കീറൻ ട്രിപ്പിയർ എന്നിവർ ബെഞ്ചിലേക്ക് മാറി.