നാളെ ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനൽ; ഇന്ത്യ – പാകിസ്താൻ സ്വപ്ന ഫൈനൽ പ്രതീക്ഷയുമായി ആരാധകർ

ടി-20 ലോകകപ്പിൽ നാളെ രണ്ടാം സെമി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഡലെയ്ഡിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് മത്സരം ആരംഭിക്കും. മത്സരവിജയികൾ ഈ മാസം 13 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്താനെ നേരിടും. സെമിയിൽ ഇന്ത്യ വിജയിച്ച് പാകിസ്താനെതിരായ സ്വപ്നഫൈനലാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.  സെമിയിലെത്തിയെങ്കിലും ഇന്ത്യൻ ടീമിന് ആശങ്കകളുണ്ട്. ഒരു ചടങ്ങ് പോലെ ആദ്യ ഓവർ മെയ്ഡനാക്കുന്ന രാഹുലും മിസ്ഫയർ ചെയ്യുന്ന ക്യാപ്റ്റൻ രോഹിത് ശർമയും തന്നെയാണ് ഇന്ത്യയുടെ ആദ്യ ആശങ്ക. മെല്ലെ തുടങ്ങുമെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പിന്നീട് രാഹുൽ ഫിഫ്റ്റിയടിച്ചിരുന്നു. ഇത് ആശ്വാസമാണെങ്കിലും പവർ പ്ലേയിൽ ഇന്ത്യയുടെ മെല്ലെപ്പോക്ക് അത്ര നല്ല രീതിയല്ല. നിലവിൽ വിരാട് കോലിയും സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ ഊർജം. ഓപ്പണർമാർ പരാജയപ്പെട്ടാലും മോശം പവർ പ്ലേ ആയാലും ഇരുവരും മികച്ച പ്രകടനത്തിലൂടെ ഇന്ത്യയെ നയിക്കുകയായിരുന്നു. എന്നാൽ, ഇരുവർക്കും ഒരു ഓഫ് ഡേ ഉണ്ടായാൽ ഇന്ത്യ തകരും. അതുകൊണ്ട് തന്നെ സെമിയിൽ രോഹിത് ഫോമായേ തീരൂ. ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും ദിനേഷ് കാർത്തികുമൊന്നും ലോകകപ്പിൽ തിളങ്ങിയില്ല. അതായത് കോലി, സൂര്യ എന്നീ രണ്ട് താരങ്ങളിൽ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ബൗളിംഗ് പക്ഷേ, അത്ര മോശം പറയാനില്ല.സൂപ്പർ 12 ഘട്ടത്തിൽ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി യോഗ്യത നേടിയത്. 5 മത്സരങ്ങളിൽ നാലും വിജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് പരാജയപ്പെട്ടത്.

മറുവശത്ത് ഇംഗ്ലണ്ടും അത്ര സെറ്റല്ല. ജോസ് ബട്ലർ നിരാശപ്പെടുത്തുന്നു. ന്യൂസീലൻഡിനെതിരെ മാത്രമാണ് ബട്ലർ ഫോമായത്. അലക്സ് ഹെയിൽസ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഫിഫ്റ്റിയടിച്ചു. ശ്രീലങ്കക്കെതിരായ കഴിഞ്ഞ കളി മാറ്റിനിർത്തിയാൽ ബെൻ സ്റ്റോക്സും ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ ലിയാം ലിവിങ്ങ്സ്റ്റണും ഫോമിലല്ല. മൊയീൻ അലിയും ഡേവിഡ് മലാനും നിരാശപ്പെടുത്തുന്നു. ബൗളിംഗിൽ പക്ഷേ, അങ്ങനെയല്ല. സാം കറനും (10 വിക്കറ്റ്) മാർക്ക് വുഡും (9 വിക്കറ്റ്) നന്നായി പന്തെറിയുന്നു. 5.91ൻ്റെ എക്കോണമിയുള്ള ബെൻ സ്റ്റോക്സും പന്തുകൊണ്ട് മികച്ച ഫോമിലാണ്.

സൂപ്പർ 12 ഘട്ടത്തിൽ അയർലൻഡിനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങുകയും ഓസ്ട്രേലിയക്കെതിരായ മത്സരം മഴ കൊണ്ടുപോവുകയും ചെയ്തെങ്കിലും ബാക്കി മൂന്ന് മത്സരങ്ങളിൽ വിജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.