കുറവൻകോണംകേസിൽ അറസ്റ്റിലായ സന്തോഷ് ലൈംഗികാതിക്രമ കേസിലേയും പ്രതിയെന്ന് സംശയം,തിരിച്ചറിയൽ പരേഡ് ഇന്ന് 

തിരുവനന്തപുരം : കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ സന്തോഷ് തന്നെയാണോ മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എന്ന സംശയം ബലപ്പെടുന്നു. ആളെ തിരിച്ചറിയാനായി പരാതിക്കാരിയായ യുവതിയോട്  പൊലീസ് സ്റ്റേഷനിലെത്താൻ നിര്‍ദേശം നൽകി. ഇന്ന് രാവിലെ 10 മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ ആണ് നിർദേശം.അതേസമയം മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ കണ്ടപ്പോൾ ഇയാൾ തന്നെയാണ് അതിക്രമം കാണിച്ചതെന്ന് സംശയമുണ്ടെന്ന് പരാതിക്കാരിയായ യുവതിയും പറയുന്നു. ഇതിനിടെ സന്തോഷിനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു. താൽകാലിക ജീവനക്കാരനായിരുന്ന ഇയാളെ പുറത്താക്കാന മറ്റ് തടസങ്ങളില്ലെന്നും ഓഫീസ് വിശദീകരിക്കുന്നു . കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ ഇന്നലെയാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ആണ് മലയിൻകീഴ് സ്വദേശിയായ സന്തോഷ്.വാട്ടർ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാൾ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും.