ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. സ്വകര്യ ആശുപത്രിയിൽ ചികിത്സ തേടാനെത്തിയ സൈനികന്റെ കാലിലെ മുറിവ് അടിപിടിയിൽ ഉണ്ടായതാണോ എന്ന ഡോക്ടറുടെ ചോദ്യത്തിൽ പ്രകോപിതനായി അക്രമം നടത്തുകയായിരുന്നു. ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞ ഇയാൾ വനിതാ ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവം അപ്പോൾ തന്നെ പാങ്ങോട് പോലീസിനെ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. കോൺസ്റ്റബിൾമാരായ രണ്ടുപേരെയും വിമൽ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാളെ പോലീസ് അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പോലീസ് മടങ്ങുകയും ചെയ്തു. പിന്നീട് ഇയാളെ മദ്യപിച്ച് വാഹനമോടിച്ചതിന് നൈറ്റ് പെട്രോളിലുണ്ടായിരുന്ന പോലീസുകാർ പിടിച്ചെങ്കിലും വിട്ടയച്ചു. ശേഷമാണ് അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഇതോടെ ഒളിവിൽ പോയ ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഭാര്യയുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പത്തനംതിട്ടയിൽ നിന്നും അറസ്റ്റ് ചെയ്തത്.