പൂന്തുറ: ഓഖി ദുരന്തം അഞ്ചുവര്‍ഷം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷയൊരുക്കാന്‍ കഴിയാതെ അധികൃതര്‍. 2017 നവംബര്‍ 29ന് ഉള്‍ക്കടലില്‍ ചുഴറ്റിയടിച്ച ഓഖി കാറ്റില്‍ 52 പേര്‍ മരിക്കുകയും 104 പേരെ കാണാതാവുകയും ചെയ്തു. അടിമലത്തുറ മുതല്‍ വേളി വരെ ജില്ലയുടെ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്.
സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംസ്ഥാന മന്ത്രിമാരും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒരു പദ്ധതി പോലും ഫലം കണ്ടില്ല. സുരക്ഷയില്ലാതെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടങ്ങളില്‍പെട്ട് മരിക്കുന്നത് കൂടി. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടങ്ങളില്‍ മരിച്ചത് 327 പേരാണ്.
കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ് -145 പേര്‍. ഓഖി സമയത്ത് പൂന്തുറ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അടിയന്തരമായി ഫിഷറീസ് മന്ത്രാലം കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ ഇതും കടലാസിലൊതുങ്ങി. മത്സ്യത്തൊഴിലാളികള്‍ക്ക് ഗതി നിര്‍ണയത്തിനും അപകടസാധ്യതാവിവരങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നാവിക് എന്ന ഉപകരണം വിതരണം ചെയ്തുവെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
കടലില്‍ അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്താന്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി ഇറങ്ങിയെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമെല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കപ്പല്‍ചാല്‍ വിട്ട് പായുന്ന കപ്പലുകളും മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാണ്. കപ്പല്‍ചാല്‍ വിട്ട് തീരത്തേക്ക് കയറുന്ന കപ്പലുകളെ മടക്കി അയക്കാന്‍ ചുമതലയുള്ള കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇത് ഗൗരവമായി എടുക്കാറില്ല.
ഓഖി ദുരന്തം നടന്ന് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കടലില്‍ കാണാതായവരുടെ കണക്കില്‍ ഇനിയും വ്യക്തത വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. 214 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരത്തുള്ളവരുടെയും രൂപതകളുടെയും കണക്ക്. എന്നാല്‍. സര്‍ക്കാറിന്റെ കണക്കില്‍ കാണാതായവരുടെ എണ്ണം 104 മാത്രമാണ്.