ദക്ഷിണാഫ്രിക്ക തോറ്റു, കളത്തിലിറങ്ങും മുമ്പേ ഇന്ത്യ സെമിയിൽ; എതിരാളി ഇം​ഗ്ലണ്ടോ ന്യൂസിലാൻഡോ

മെൽബൺ: ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കുഞ്ഞന്മാരായ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്നത്തെ മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യ സെമിയിൽ. നിലവിൽ ആറ് പോയിന്റുമായി ​ഗ്രൂപ്പിൽ ഒന്നാമതുള്ള ഇന്ത്യ സിംബാബ്‍‍വേക്കെതിരെ തോറ്റാലും ഇനി സെമിയിലെത്തും. പാകിസ്ഥാൻ-ബം​ഗ്ലാദേശ് മത്സര വിജയകിളിലാരെങ്കിലും ഇന്ത്യക്കൊപ്പം ​ഗ്രൂപ്പിൽ നിന്ന് സെമിയിൽ ഇടം നേടും. നിലവിൽ റൺറേറ്റിൽ പാകിസ്ഥാനാണ് മുന്നിൽ. അതുകൊണ്ടു തന്നെ മികച്ച റൺ റേറ്റിൽ ജയിച്ചാൽ മാത്രമേ ബം​ഗ്ലാദേശിന് സാധ്യതയുള്ളൂ. സിംബാബ്‍‍വേക്കെതിരെ ഇന്ത്യ ജയിച്ചാൽ‌ ഇം​ഗ്ലണ്ടായിരിക്കും ഇന്ത്യയുടെ സെമി എതിരാളികൾ. തോറ്റാൽ ന്യൂസിലാൻഡിനെ നേരിടേണ്ടി വരും. 

സെമിയുടെ പടിക്കൽവെച്ചാണ് ദക്ഷിണാഫ്രിക്ക കലമുടച്ചത്. സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സാണ് പ്രോട്ടീസിനെ 13 റണ്‍സിന് വീഴ്‌ത്തിയത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. ടീം 20 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സെടുത്തു. അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41* റണ്‍സെടുത്തും ക്യാപ്റ്റന്‍ സ്കോട്‌ എഡ്‌വേഡ്‌സ് 7 പന്തില്‍ 12* റണ്‍സുമായും പുറത്താവാതെ നിന്നു. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ടീം നേടിയത്.
നെതര്‍ലന്‍ഡ്‌സിനായി ഓപ്പണര്‍മാരായ സ്റ്റീഫന്‍ മിബറും മാക്‌സ് ഒഡൗഡും ഗംഭീര തുടക്കമാണ് നേടിയത്. ഇരുവരും 8.3 ഓവറില്‍ 58 റണ്‍സ് അടിച്ചുകൂട്ടി. മിബര്‍ 30 പന്തില്‍ 37 ഉം ഒഡൗഡ് 31 പന്തില്‍ 29 ഉം റണ്‍സ് നേടി. മൂന്നാമനായി എത്തിയ ടോം കൂപ്പറും മോശമാക്കിയില്ല. കൂപ്പര്‍ 19 പന്തില്‍ 35 പേരിലാക്കി. ബാസ് ഡി ലീഡ് ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ആന്‍‌റിച്ച് നോര്‍ക്യയും ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് സ്വന്തമാക്കി.