കിളിമാനൂർ ടൗണിലും അനുബന്ധ കേന്ദ്രങ്ങളിലും ഓട്ടോറിക്ഷ പാർക്ക് ചെയ്തു യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ല മോട്ടോർ തൊഴിലാളി യൂണിയൻ( എഐടിയുസി) കിളിമാനൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിൽ ഇരുന്നൂറോളം ആട്ടോറിക്ഷകൾക്കാണ് ടൗണിൽ പെർമിറ്റും നമ്പരും നൽകിയിരിക്കുന്നത്. എന്നാൽ കേവലം ഇരുപത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാനുള്ള സ്ഥലസൗകര്യം മാത്രമാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലും കശുവണ്ടി ഫാക്ടറിക്ക് മുന്നിലും ആയി അനുവദിച്ചിരിക്കുന്നത്. ഭൂരിപക്ഷം ഓട്ടോറിക്ഷകൾക്കും പാർക്കിംഗ് സംവിധാനം ലഭ്യമായിട്ടില്ല. സ്വകാര്യ മാർക്കറ്റിന് മുന്നിലും, സിവിൽ സ്റ്റേഷന് മുന്നിലും, സിഗ്നൽ ജംഗ്ഷനിലും നിശ്ചിത എണ്ണം ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് അനുവാദം നൽകണമെന്നും, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
എ ഐ ടി യു സി കിളിമാനൂർ മണ്ഡലം പ്രസിഡണ്ട് ബി എസ് റജിയുടെ അധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം സെക്രട്ടറി ടി എം ഉദയകുമാർ സ്വാഗതവും, യുഎസ് സുജിത്ത് നന്ദിയും പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി എ എം റാഫി, ജില്ലാകൗൺസിൽ അംഗം ജി എൽ അജീഷ് , എന്നിവർ സംസാരിച്ചു.
പുതിയതായി രൂപീകരിച്ച മണ്ഡലം കമ്മറ്റിയുടെ ഭാരവാഹികളായി എ എം റാഫി( പ്രസിഡൻറ്), യുഎസ് സുജിത്ത്( വർക്കിംഗ് പ്രസിഡണ്ട്), ടി എം ഉദയകുമാർ, രാജു കടമുക്ക്( വൈസ് പ്രസിഡണ്ട്മാർ), രാധാകൃഷ്ണൻ ചെങ്കികുന്ന്( സെക്രട്ടറി), എസ്.സബീർ, ലൈജു കാരേറ്റ്( ജോയിൻറ് സെക്രട്ടറിമാർ), ബൈജു എസ്. ജി( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.