നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍; വകുപ്പുതല അന്വേഷണം

തിരുവനന്തപുരം:കരമന നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി.എഎസ്‌ഐ മനോജിനെ സസ്‌പെന്റ് ചെയ്തു. എസ്‌ഐ സന്തുവിനെതിരെ വകുപ്പ് തലനടപടിക്കും നിര്‍ദേശം. സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാറാണ് നിര്‍ദേശം നല്‍കിയത്. 

പൊലീസ് വീഴ്ചയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടാതിരുന്നത് വിവാദമായിരുന്നു. പൊലീസ് വീഴ്ചയില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണറോടും ഫോര്‍ട്ട് അസി. കമ്മീഷണറോടും സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് കുഞ്ചാലംമൂട് സ്വദേശികളായ അനീഷും അസ്‌കറും ചേര്‍ന്ന് മര്‍ദിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സിഗ്നല്‍ കാത്തുനിന്ന രണ്ടു യുവാക്കള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മര്‍ദിച്ചത്. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കള്‍ പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച്‌ താഴെയിട്ടു മര്‍ദിച്ചു. പിന്നീട് യുവാക്കള്‍ കടന്നുകളയും ചെയ്തു.

തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് പ്രദീപ് പറയുന്നു. പ്രദീപാണ് തൊട്ടടുത്തുള്ള കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പൊലീസിനു കൈമാറിയത്.