സൂര്യക്കും രാഹുലിനും അര്‍ധ സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍


നാലാം ഓവറില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) നഷ്ടമായി. പിന്നീട് രാഹുല്‍- വിരാട് കോലി (26) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ കോലിയെ മടക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സീന്‍ വില്യംസ് സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് രണ്ടില്‍ സിംബാബ്‌വെ നേരത്തെ പുറത്തായിരുന്നു. ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പാകിസ്ഥാനെ മറികടന്ന ഒന്നാമതെത്താം.

നാലാം ഓവറില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) നഷ്ടമായി. പിന്നീട് രാഹുല്‍- വിരാട് കോലി (26) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ കോലിയെ മടക്കി സീന്‍ വില്യംസ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 87 എന്ന നിലയിലായി രാഹുല്‍. തൊട്ടടുത്ത ഓവറില്‍ രാഹുലും കൂടാരം കയറി. 35 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് (3) നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യ നാലിന് 101 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ ഒരറ്റത്ത് സൂര്യകുമാര്‍ ഉറച്ചുനിന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ന്നു. 25 പന്തില്‍ പുറത്താവാതെയാണ് താരം 61 റണ്‍സെടുത്തത്. ഇതില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് (18) പുറത്തായ മറ്റൊരു താരം. അക്‌സര്‍ പട്ടേല്‍ (0) പുറത്താവാതെ നിന്നു.