ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള ‘യോദ്ധാവ്’ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പിടിയിൽ.
ബീമാപള്ളി സ്വദേശി സെയ്‌ദലി, മാണിക്യവിളാകം സ്വദേശി അക്ബർ, കമലേശ്വരം സ്വദേശി മെഹ്റാജ്, മുട്ടത്തറ സ്വദേശി മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശംഖുംമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
25 കിലോ കഞ്ചാവുമായാണ് സെയ്‌ദലിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഓവർ ബ്രിഡ്‌ജ്, തകരപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ 2.4 ഗ്രാം എംഡിഎംഎയുമായിട്ടാണ് അക്ബറും മെഹ്‌റാജും വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.
ചാക്ക ബൈപാസിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ആദിൽ പേട്ട പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 4 ഗ്രാം എംഡിഎംഎയും 4.36 ഗ്രാം കഞ്ചാവും 95,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എംഡിഎംഎ വിതരണത്തിനായി സൂക്ഷിച്ചിരുന്ന അമ്പതോളം കവറും അനുബന്ധ സാമഗ്രികളും പിടികൂടി. കോവളം, പൂന്തുറ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
പൂന്തുറ സിഐ ജെ പ്രദീപ്, വഞ്ചിയൂർ സിഐ ഡിപിൻ, എസ്‌ഐമാരായ അനീഷ്‌കുമാർ, ജയശ്രീ, സുധീഷ്‌കുമാർ, എഎസ്‌ഐ സാജുരാജ്, സിപിഒമാരായ ബിജു ആർ നായർ, ദീപു, രാജേഷ്, ജോസ്, മുനീർ, ശരത്ത്, പ്രശാന്ത്, ജയരാജ്, രഞ്ജിത്ത്, ജോയി, ഗോഡ്‌വിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.