കേന്ദ്ര സർക്കാർ ആധാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ആധാർ കാർഡ് എടുത്തു പത്തു വർഷത്തിൽ അനുബന്ധ വിവരങ്ങൾ പുതുക്കണമെന്നാണ് നിർദേശം. ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്.
സെൻട്രൽ ഐഡന്‍റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനാണ് 10 വർഷത്തിലേറെ പഴക്കമുള്ള ആധാറുകളിലെ വിവരങ്ങൾ പുതുക്കണമെന്ന ഭേദഗതി കൊണ്ടുവന്നതെന്ന് ഐടി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മേൽവിലാസത്തിന്‍റെ രേഖയും തിരിച്ചറിയൽ രേഖയും സമർപ്പിച്ചുകൊണ്ടാണ് ആധാറിലെ വിവരങ്ങൾ പുതുക്കേണ്ടത്.
10 വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ, ആധാർ അനുവദിക്കുന്ന സർക്കാർ ഏജൻസിയായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം 16 കോടിയോളം ആധാർ ഉടമകൾ വിവിധ വിവരങ്ങൾ പുതുക്കിയിരുന്നു.