തിരുവനന്തപുരം : അഞ്ചു വർഷം മുൻപു കാണാതായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം കോയമ്പത്തൂരിൽ നിന്നു കണ്ടെത്തി. നെയ്യാറ്റിൻകര കടവട്ടാരം ഗ്രാമം ചരിവുതട്ട് വീട്ടിൽ ബലരാജിന്റെ മകൻ ജോസി (40)നെയാണു കണ്ടെത്തിയത്. ഇയാൾ അഞ്ചു വർഷമായി കോയമ്പത്തൂരിൽ ഒളിച്ചു കഴിയുകയായിരുന്നു. 2017 ഡിസംബർ 23 ന് തച്ചോട്ടുകാവിൽ ആശാരിപ്പണിക്കു പോകുന്നുവെന്നു പറഞ്ഞു പോയ ജോസ് പിന്നീടു മടങ്ങിയെത്തിയില്ല. നെയ്യാറ്റിൻകര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ജോസിനെ കിട്ടാത്തതിനാൽ കേസ് അവസാനിപ്പിച്ചു. തുടർന്ന് ജോസിന്റെ ഭാര്യ പ്രധാനമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ കാണാതാകൽ കേസുകൾ പുനരന്വേഷിക്കണമെന്ന ഡിജിപിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണമുണ്ടായത്. ഡിവൈഎസ്പി കെ.െജ.ജോൺസണിന്റെ നേതൃത്വത്തിൽ എഎസ്ഐ ആർ.കെ.ജ്യോതിഷ്, സീനിയർ സിപിഒമാരായ പി.എസ്.പ്രതീഷ്, എ.സജു, സിപിഒ കെ.എസ്.നിഖിൽ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ ജോസിന് കർണ്ണാടകയിലെ കുടക് സ്വദേശിനിയായ ടിടിസി വിദ്യാർത്ഥിനി സൗജിത്തുമായി പ്രണയ ബന്ധമുണ്ടായിരുന്നെന്നു കണ്ടെത്തി. കർണ്ണാടകയിൽ അന്വേഷിച്ചപ്പോൾ ജോസിനെ കാണാതായ ദിവസം തന്നെ സൗജിത്തിനെയും കാണാതായെന്നു വിവരം ലഭിച്ചു. ഇവരുടെ അടുപ്പത്തെക്കുറിച്ചു വീട്ടുകാർക്കും വിവരമുണ്ടായിരുന്നു.തുടർന്ന്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ ജോസ് ഉണ്ടെന്നു വ്യക്തമായത്. അവിടെ സൗജിത്തിനും രണ്ടു കുട്ടികൾക്കുമൊപ്പമാണ് ജോസ് കഴിഞ്ഞിരുന്നത്. അവിടെയെത്തിയ അന്വേഷണ സംഘം ജോസിനെ കസ്റ്റഡിയിലെടുത്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കുടക് സ്വദേശിനിയോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ജോസ് അറിയിച്ചതിനെത്തുടർന്ന് വ്യവസ്ഥകൾക്കു വിധേയമായി കോയമ്പത്തൂരിലേക്കു തിരികെ അയച്ചതായി പൊലീസ് പറഞ്ഞു. സൗജിത്തിനെ കാണാതായ കേസിൽ കർണ്ണാടകയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജോസിന് നാട്ടിൽ ഒരു മകനുണ്ട്.