ജീവിതത്തിന്റെ തിളക്കം മങ്ങി മേരി; സിനിമ മോഹത്തിന് അവധി നൽകി ലോട്ടറി വിൽപന

പോ സാറേ, ഈ ഒരൊറ്റ ചിരി കൊണ്ട മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി ചേച്ചി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ നിലവിൽ കൊവിഡ് തീർത്ത പ്രതിസന്ധി മേരി ചേച്ചിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.
സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി തെരുവിലേക്കിറങ്ങിയത്. വീടിൻറെ കാര്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.