ഷാരോൺ വധക്കേസ് : പ്രതി ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

തമിഴ്‌നാട് രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ വസതിയിൽ ആയിരിക്കും ആദ്യം തെളിവെടുപ്പ് നടക്കുക. തുടർന്ന് തമിഴ്‌നാട്ടിലും കേരളത്തിലുമായി തെളിവെടുപ്പ് പൂർത്തിയാക്കും. തെളിവെടുപ്പിന്റെ ദൃശ്യങ്ങൾ പൂർണ്ണമായും റെക്കോർഡ് ചെയ്യണമെന്ന് കോടതി നിർദേശമുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവെടുപ്പ് നടക്കേണ്ട സ്ഥലമാണ് രാമവർമ്മൻ ചിറയിലെ ഗ്രീഷ്മയുടെ വീട്. ഈ വീട്ടിൽ വച്ചാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ഗ്രീഷ്മയുമൊത്ത് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞപ്പോഴാണ് പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണം എന്നുള്ള നിർദ്ദേശം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നൽകിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീൽ വെച്ചത്.