വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജര്‍മനിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് ഉമ്മന്‍ചാണ്ടി യാത്ര തിരിച്ചത്.യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളില്‍ ഒന്നായ ബര്‍ലിനിലെ ചാരെറ്റി ആശുപത്രിയിലാണ് ചികിത്സ.

മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹ്നാന്‍ എംപിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ബുധനാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം തുടര്‍ചികില്‍സ തീരുമാനിക്കും. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ അതിന് ശേഷമാവും തിരിച്ചെത്തുക എന്ന് കുടുംബം അറിയിച്ചു. 

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബര്‍ലിനിലെ ചാരെറ്റി ക്ലിനിക്ക്. 312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുളള ആശുപത്രിയാണ് ചാരെറ്റി ആശുപത്രി. 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഈ ആശുപത്രിയില്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. നേരത്തെ 2019-ല്‍ അസുഖം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി യുഎസിലും ജര്‍മനിയിലും ചികിത്സയ്ക്കായി പോയിരുന്നു.