ഐഐഎംഎഫില്‍ അവതാറിലെ അത്ഭുതലോകം പന്‍ഡോറയും


ഇൻ്റർനാഷണൽ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ വേദിയായ കോവളത്തെ കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് പന്‍ഡോറയിലെ മായക്കാഴ്ചകള്‍. നിയോണ്‍ നിറങ്ങള്‍ ഉപയോഗിച്ചുള്ള മായികപ്രപഞ്ചം ഹോളിവുഡ് ഹിറ്റ് ചിത്രം അവതാറിലെ പന്‍ഡോറ എന്ന ലോകത്തെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ പന്‍ഡോറ എന്നാണ് ഈ അനുഭവത്തിനു പേരിട്ടിരിക്കുന്നത്. ക്രാഫ്റ്റ്സ് വില്ലേജിലെ മരങ്ങള്‍ക്കിടയിലൂടെ ഉള്ള നടപ്പാതയില്‍ എന്‍എ പ്ലസ് ആർക്കിടെക്റ്റ്‌സ് ആണ് ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. 

ഫൈൻ ആട്സ് രംഗത്തെ 85 വിദ്യാര്‍ത്ഥിവളന്റിയർമാർ ചേർന്നുപന്‍ഡോറ ഒരുക്കിയത് നിയോണ്‍ എല്‍ഇഡി ലൈറ്റുകള്‍, ഹൈ ഡെന്‍സിറ്റി തെര്‍മോകോള്‍ എന്നിവകൊണ്ടാണ്. 'റീഇന്‍കാര്‍ണേഷന്‍' അഥവാ പുനരവതാരമാണ് കേന്ദ്രപ്രമേയം. മായികമായ പാതയിലൂടെ സഞ്ചരിച്ചു സ്വയം തിരിച്ചറിയുക എന്നതാണ് ഈ സൃഷ്ടിയിലൂടെ ലക്ഷ്യമിട്ടുന്നതെന്ന് ക്രാഫ്റ്റ്സ് വില്ലേജിന്റെ ക്രിയേറ്റീവ് ഡിസൈനര്‍ അര്‍ജ്ജുന്‍ പ്രശാന്ത് പറഞ്ഞു. ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന നിയോണ്‍ നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതും ഇതുകൊണ്ടാണ്.

ഉട്ടോപ്യന്‍ കാലത്തെ സസ്യജാലങ്ങളാണു പൻഡോറയിൽ. പ്രകൃതിയില്‍ കാണുന്ന കൂണുകൾക്കു തണ്ടുണ്ട്. പക്ഷേ പന്‍ഡോറയിലെ കൂണുകള്‍ക്ക് ഒരുപക്ഷേ തണ്ടു കണ്ടേക്കില്ല. ക്രാഫ്റ്റ് വില്ലേജിൽ എത്തുന്ന സംഗീതാസ്വാദകര്‍ക്കായി തയാറാക്കിയിരിക്കുന്ന പന്‍ഡോറയിലെ ഇത്തരം വിചിത്രഭാവനകള്‍ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നു.