നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള ദുരിതാശ്വാസ പദ്ധതിയായ സാന്ത്വനയുടെ ഭാഗമായി നോര്‍ക്ക നടത്തുന്ന അദാലത്ത് തുടരുന്നു. ചിറയന്‍കീഴ് താലൂക്കിലെ അര്‍ഹരായവര്‍ക്കുവേണ്ടിയാണ് അദാലത്ത്. നോര്‍ക്ക റൂട്ട്സിന്റെ തൈക്കാടുളള ഹെഡ് ഓഫീസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററിലാണ് ശനിയാഴ്ച അദാലത്ത് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഡിസംബര്‍ 14 ന് മുന്‍പായി 8281004901, 8281004902 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ചിറയന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമേ ഈ അദാലത്തിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതുളളൂ. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ അദാലത്തില്‍ പ്രവേശനമുണ്ടാകൂ. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org എന്ന വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. സാന്ത്വന പദ്ധതി പ്രകാരം ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലാത്ത പ്രവാസികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പങ്കെടുക്കാം.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് 'സാന്ത്വന'. നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്കുളള ധനസഹായം (നിബന്ധനകള്‍ക്ക് വിധേയമായി ) എന്നിവ ലഭിക്കും.മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ, അവരുടെ കുടുംബാംഗങ്ങളോ ആയിരിക്കണം. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ.
നടപ്പു സാമ്പത്തിക വര്‍ഷം 33 കോടി രൂപയാണ് പദ്ധതിയാക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 30 കോടി രൂപയാണ് ധനസഹായമായി സാന്ത്വന പദ്ധതി പ്രകാരം അനുവദിച്ചത്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് അപേക്ഷ നല്‍കുന്നതിനും നോര്‍ക്ക റൂട്ട്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറിലും 1800 4253939 ബന്ധപ്പെടാവുന്നതാണ്.