ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുക. സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല ഡോ.സിസ തോമസിന് നൽകിയ ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യത്തില്‍ വിശദ വാദം കേള്‍ക്കും. സർവകലാശാലയ്ക്ക് വി.സി ഇല്ലാത്ത അവസ്ഥ വരുമെന്നു വിലയിരുത്തി കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ സ്റ്റേ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. ഹർജിയിൽ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യുജിസി നിലപാട് വ്യക്തമാക്കേണ്ടത്.
വി.സിയുടെ പേര് ശുപാർശ ചെയ്യാനുള്ള അധികാരം സർക്കാരിനെന്നാണ് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ ചാൻസലർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. ചാൻസലറായ ഗവർണ്ണർ, നിലവിലെ വി.സി ഡോ.സിസ തോമസ് എന്നീ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. നേരത്തെ സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വി.സിയുടെ ചുമതല ഗവർണ്ണർ നൽകിയത്.അതേസമയം ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓർഡിനൻസ് ഇന്ന് സർക്കാർ ഗവർണർക്ക് അയച്ചേക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരിൽ നിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് ഓർഡിനൻസ് തയാറാക്കി. ഇന്നു തന്നെ ഇതു ഗവർണർക്ക് അയക്കുമെന്നാണ് സൂചന. ഓർഡിനൻസ് ഉടൻ തന്നെ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷ സർക്കാരിനില്ല. പകരം രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയും നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയുമാകും സർക്കാർ നീക്കം. ഇതിനുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലാമണ്ഡലം കൽപ്പിത സർവകാശാല ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കിയതോടെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സർക്കാർ വ്യക്തമായ സന്ദേശമാണ് നൽകുന്നത്. കോടതിയെ സമീപിച്ചാൽ സർക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് നിയമോപദേശം. ചാൻസിലർ നിയമനം സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പ്രധാന കാരണം.