സിനിമ മാത്രമായിരുന്നു അന്നും ഇന്നും ലഹരി, മറ്റു ലഹരികൾ ഇതുവരെ സ്വാധീനിച്ചിട്ടില്ല ... മദ്രാസിലെ പഴയ ചലച്ചിത്ര ഓർമ്മകൾ വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കവെയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ജീവിതത്തിൽ എന്താകണം ലഹരി എന്നത് സംബന്ധിച്ച് വാചാലനായത്.
ലഹരിക്കെതിരെ വലിയ ക്യാമ്പയിനുകൾ നടക്കുന്ന കാലത്ത് ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലഹരി താൽക്കാലിക സന്തോഷം മാത്രമേ നൽകൂ എന്നും സിനിമയിലേക്ക് വരുന്ന കാലത്തുതന്നെ ലഹരിയിൽ വീഴില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും ആയിരുന്നു മറുപടി. സിനിമയിലെ തുടക്കകാലത്ത് താൻ ലഹരിക്ക് അടിമപ്പെടുമോ എന്ന ആശങ്ക കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ സിനിമയെ ലഹരിയായി എടുത്തതോടെ അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യവും സിനിമയും രാഷ്ട്രീയവും ചർച്ചയായ കഥയമമ സമേതം പരിപാടിയിൽ അന്തിക്കാട് ഹൈസ്കൂളിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു പൂർവ വിദ്യാർത്ഥിയായ സത്യൻ അന്തിക്കാട്.
ക്ലാസ് മുറിയിലെ സാഹിത്യവേദിയും സാഹിത്യ ചർച്ചകളും കയ്യെഴുത്ത് മാസികയുമാണ് തന്നിലെ കലാകാരനെ വളർത്തിയത്. വെള്ളിയാഴ്ച അവസാന പിരീഡിലെ സാഹിത്യസംഗമം ആണ് തന്റെ ആദ്യ വേദിയെന്ന് പറഞ്ഞ സത്യൻ അന്തിക്കാട് എഴുത്തിന്റെ ഉൾപ്പെടെ തുടക്കം അവിടെ നിന്നാണെന്നും കൂട്ടിച്ചേർത്തു. കഴിവുകളെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കാനുണ്ടായിരുന്ന അധ്യാപകരെയും അദ്ദേഹം ഓർത്തെടുത്തു.
"കുന്നിമണി ചെപ്പുതുറന്നെന്നെ നോക്കും നേരം" എന്ന ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ ഗാനത്തിനും ഒരോർമ്മ പങ്കുവെയ്ക്കാൻ അദ്ദേഹം മറന്നില്ല. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിൽ ഒഎൻവി എഴുതിയ പാട്ട് ചേരാത്തതിനാൽ മാറ്റി എഴുതാൻ പറയാനാവാതെ നിന്നുപോയതും പിന്നീട് സാഹചര്യം വിവരിച്ചപ്പോൾ അതിരാവിലെ പാട്ടുമായി കവി വന്നതും മായാതെ മനസിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ടന്മാർ ലണ്ടനിൽ എന്ന ചിത്രത്തിലെ അപകട സീൻ യഥാർത്ഥ അപകടമായി പോകുമായിരുന്നുവെന്നും അന്നനുഭവിച്ച സംഘർഷവും സത്യൻ അന്തിക്കാട് പങ്കുവെച്ചു.
സിനിമാനുഭവങ്ങളെപ്പറ്റി അറിയാൻ കൗതുകം കാണിച്ച കുട്ടികളോട് ക്യാമറയ്ക്ക് പിന്നിലെ ഒരുപിടി കഥകളും കൗതുകങ്ങളും അനുഭവങ്ങളും ഒരു സിനിമ എന്ന പോലെ അദ്ദേഹം ഓർത്തെടുത്തു. പ്രേംനസീറിനെ ആദ്യം കണ്ട കഥ പറയുമ്പോൾ സിനിമാമേഖലയിൽ കാലെടുത്തുവെക്കുന്ന ഒരാളുടെ വിഹ്വലത മുഴുവനുമുണ്ടായിരുന്നു സത്യൻ അന്തിക്കാടിന്. ഹരിഹരന്റെ സിനിമയിൽ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്ന സമയത്താണത്. സംവിധായകൻ പറഞ്ഞതനുസരിച്ച് ഷോട്ട് ഓക്കേ ആയി എന്ന് പറയാൻ ചെന്ന തനിക്ക് ഏതാണ് അടുത്ത ഷോട്ട് എന്ന് പറയാൻ പോലുമാകാതെ നിന്നുപോയ അനുഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു.
ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
കഥയമമ സമേതം എന്ന പേരില്‍ ജില്ലയിലെ മുതിര്‍ന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തുന്ന സംവാദ പരിപാടിയിലാണ് സിനിമയും ജീവിതവും സത്യൻ അന്തിക്കാട് വിദ്യാർത്ഥികളുമായി പങ്കുവെച്ചത്.