ആറ്റിങ്ങല്‍ വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയില്‍. സമീപത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കെട്ടിടത്തിന്റെ പലഭാഗങ്ങളും അടര്‍ന്നുവീഴുന്നു. ജീവനക്കാരും ഓഫിസിനെ ആശ്രയിക്കുന്നവരും ആശങ്കയില്‍. നഗരമധ്യത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്താണ് ആറ്റിങ്ങല്‍ വില്ലേജ് ഓഫിസ് കെട്ടിടം. ആറ്റിങ്ങല്‍-അവനവഞ്ചേരി ഗ്രൂപ് വില്ലേജ് ആണ്. രണ്ട് വില്ലേജുകളുടെ ആസ്ഥാനത്ത് പ്രതിദിനം നൂറുകണക്കിന് ആള്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നു. വില്ലേജ് ഓഫിസ് കെട്ടിടം ഏറെനാളായി അപകടാവസ്ഥയിലാണ്. പല ഭാഗത്തായി സീലിങ് അടര്‍ന്നുവീഴുന്നു കെട്ടിടത്തിന് മൊത്തത്തില്‍ ബലക്ഷയമുണ്ട്. എന്നാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നുമില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഓഫിസ് വളപ്പിലെ കിണര്‍ ഇടിഞ്ഞുതാണു കിണറും സംരക്ഷണഭിത്തിയും ഉള്‍പ്പെടെ തകര്‍ന്ന് കിണറ്റിനുളളില്‍ പതിച്ചു. ഈ സ്ഥലത്ത് മൊത്തത്തിലുളള ബലക്ഷയം ഇത് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.കിണറിന് തൊട്ടടുത്ത് തന്നെയാണ് ഓഫിസ് മന്ദിരം സ്ഥിതിചെയ്യുന്നത്. ഇതും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു.