കാലാവസ്ഥ വ്യതിയാനം, അനാരോഗ്യകരമായ ജീവിത സാഹചര്യവും നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും ഗുരുതരമായ രോഗങ്ങൾക്കും വഴിവെക്കും. ഈയിടെയായി ആളുകൾക്കിടയിൽ ചെങ്കണ്ണ് രോഗം പിടിപെടുന്നത് വർധിച്ചിട്ടുണ്ട്. നിരവധിപേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികൾ കൂടുതലായും എത്തുന്നത്.
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് ബാധ, വൈറസ് എന്നിവ കൊണ്ടും രോഗം ഉണ്ടാകാം. ഈ രോഗം പടരുന്നതിനാൽ വീട്ടിലെ ഒരാൾക്ക് ബാധിച്ചാൽ മറ്റുള്ളവർക്കും പെട്ടെന്നു പിടിപെടാൻ സാധ്യതയുണ്ട്. കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചാൽ മൂന്നുനാലു ദിവസം കൊണ്ട് രോഗം മാറും. എന്നാൽ സമയോചിതമായ ചികിത്സ ലഭിക്കാതെ പോയാൽ കാഴ്ച്ച നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്താൽ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ കരുതൽ അത്യാവശ്യമാണ്.
കണ്ണിനു ചൂട്, കണ്ണുകൾക്കു ചൊറിച്ചിൽ, കൺപോളകൾക്കു തടിപ്പ്, തലവേദന, കണ്ണുകളിൽ ചുവപ്പുനിറം, പീള കെട്ടൽ, പ്രകാശം അടിക്കുമ്പോൾ അസ്വസ്ഥത, ചിലർക്കു വിട്ടുവിട്ടുള്ള പനി തുടങ്ങിയവയാണ് ചെങ്കണ്ണ് രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം പിടിപെട്ടാൽ സ്വയമേ ചികിത്സിക്കുന്നത് ഒഴിവാക്കുക. ഡോക്റ്ററുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ കഴിക്കുക.
രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ രോഗബാധിതർ പ്ലെയിൻ കണ്ണടകളോ കൂളിംഗ് ഗ്ലാസ്സോ ഉപയോഗിക്കാം. രോഗം പിടിപെട്ടാൽ ടിവി, കംപ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. വൈറസ് വായുവിലൂടെ പകരുന്നതിനാൽ രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. ∙ രോഗബാധിതർ ഉപയോഗിച്ച സോപ്പ്, തോർത്ത് എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. കൈ ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കുക.
ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക, ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക, കൃത്യമായ സമയത്ത് ഉറങ്ങുക, ശരീരത്തിനും കണ്ണുകൾക്കും വിശ്രമം നൽകുക.