കിളിമാനൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

കിളിമാനൂരില്‍ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാടുതെളിക്കുകയായിരുന്ന സ്ത്രീയെയാണ് കാട്ടുപന്നി ആക്രമീച്ചത്.പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴി കടലുകാണിപ്പാറക്കു സമീപം പുരയിടത്തിലെ കാട് തെളിക്കുന്നതിനിടയിലാണ് കാരേറ്റ് താളിക്കുഴി മഞ്ജു ഭവനില്‍ ലില്ലി (53)യെ കാട്ടുപന്നി ആക്രമിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ലില്ലിയെ വെള്ളിയാഴ്ച രാവിലെ കല്ലറ തറട്ട ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തില്‍  കൈയുടെ എല്ല്  പൊട്ടുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. 
വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. ഈ സമയം ഇരുപതോളം പേര്‍ ഇവര്‍ക്കൊപ്പം തൊഴിലുറപ്പ് ജോലിയില്‍ ഉണ്ടായിരുന്നു. കുറ്റിക്കാടുണ്ടായിരുന്ന ഭാഗത്ത് നിന്നും പാഞ്ഞു വന്ന കാട്ടുപന്നി, ആക്രമിച്ച ശേഷം ഓടി മറയുകയായിരുന്നു.

 പുളിമാത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.വിളകള്‍ നശിപ്പിക്കുന്നത് പതിവാണ്.നിരവധി പേര്‍ക്ക് പന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. താളിക്കുഴി, മഞ്ഞപ്പാറ, പുല്ലയില്‍, പുലിമാത്ത്,പ്രദേശങ്ങളില്‍ പന്നിശല്യത്താല്‍ കര്‍ഷകര്‍ പൊറുതിമുട്ടി കഴിയുകയാണ്.പ്രശനം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.