ഇന്നും നല്ല മഴയുണ്ടാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്.തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപം കൊണ്ടതാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണം. തമിഴ്നാട് തീരത്തിന് സമാനമായി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി രൂപംകൊണ്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തീരപ്രദേശത്തും മലയോരമേഖലയിലുള്ളവരും ജാഗ്രത പാലിക്കണം. മലയോര മേഖലയിൽ ഉരുൾ പൊട്ടൽ മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.