നിരോധിത മയക്കുമരുന്നുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റിൽ

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന 26കാരനായ ബിന്‍ ആന്റണി ആണ് ദേവികുളം പൊലീസിന്റെ പിടിയിലായത്.ഹൃദയം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫറാണ് ആല്‍ബിന്‍.

മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആല്‍ബിന്‍ പിടിയിലായത്. ഇയാളില്‍ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴി.

അതിനിടെ, മലപ്പുറത്ത് വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ എസ് ഐ. എ എം യാസിറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ നിരീക്ഷിച്ച്‌ വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.