ശ്രീകാര്യം ഫ്ളൈ ഓവർ നിർമ്മാണം ജനുവരിയിൽ തുടങ്ങും, കെട്ടിടം പൊളിക്കൽ അവസാന ഘട്ടത്തിലേക്ക്


തിരുവനന്തപുരം:തലസ്ഥാന നഗരത്തിലേക്കുള്ള പ്രവേശന കവാടവും ഏറ്റവും തിരക്കേറിയ ജംഗ്ഷനുമായ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായുള്ള നിർദ്ദിഷ്ട ശ്രീകാര്യം ഫ്ളൈ ഓവറിന്റെ നിർമ്മാണം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ തുടങ്ങും.പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുകയാണ്.ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 50 ശതമാനം കെട്ടിടങ്ങൾ പൊളിച്ചു മാറ്റി.സാധാരണ ഭൂമി മുഴുവൻ ഏറ്റെടുത്ത ശേഷമാണ് കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങുക. എന്നാൽ സമയനഷ്ടം ഉണ്ടാകാതിരിക്കാനായി സ്ഥലം ലഭിച്ച മുറയ്ക്ക് കെട്ടിടങ്ങളും പൊളിക്കുന്നതിന് വെവ്വേറെ ടെൻഡറുകൾ നൽകുകയായിരുന്നു.പൊളിക്കൽ അവസാനഘട്ടത്തിലേക്ക് കടന്നു.ഡിസംബർ അവസാനത്തോടെ പൊളിക്കൽ പൂർത്തിയാകുമെന്ന് ഫ്ളൈഓവറിന്റെ നിർമ്മാണച്ചുമതലയുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനമായ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ (കെ.ആർ.ടി.സി) വ്യക്തമാക്കി.163 കെട്ടിടങ്ങളാണ് പദ്ധതിക്കായി പൊളിച്ചുമാറ്റുന്നത്.

ഫ്ളൈ ഓവറിന്റെ രൂപരേഖ തയ്യാറാക്കിയത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡി.എം.ആർ.സി).ഈ അലൈൻമെന്റ് തന്നെ തുടരാൻ കെ.ആർ.ടി.എല്ലിനോട് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.നിർദ്ദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ സാങ്കേതിക ആവശ്യകതകളും കണക്കിലെടുത്താണ് ഫ്ളൈ ഓവറിന്റെ രൂപകല്പന.ഭൂമിയേറ്രെടുക്കൽ അന്തിമഘട്ടത്തിലേക്ക് കടന്നതിനാൽ നിർമ്മാണച്ചുമതലയുള്ള കൊച്ചി മെട്രോ ടെൻഡറുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമിട്ടു. ജനുവരി ആദ്യത്തോടെ ടെൻഡർ ക്ഷണിച്ച് നിർമ്മാണം തുടങ്ങാനാണ് തീരുമാനം. രണ്ട് വർഷം കൊണ്ട് ഫ്ളൈ ഓവർ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും ട്രാഫിക് ബ്ലോക്കും ഒഴിവാക്കാൻ സർവീസ് റോഡ് നിർമ്മാണവും യൂട്ടിലിറ്റി ഷിഫ്റ്റിംഗും നടത്തിയ ശേഷമായിരിക്കും നിർമ്മാണം ആരംഭിക്കുക.അതേസമയം,പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന വരെയുള്ള 21.8 കിലോമീറ്റർ നീളത്തിലുള്ള മെട്രോ സർവീസ് വിഭാവനം ചെയ്തിട്ടുണ്ട്.എന്നാൽ,ഇവിടെ മെട്രോയാണോ,ലൈറ്റ് മെട്രോയാണോ വേണ്ടതെന്നതു സംബന്ധിച്ച് കൊച്ചി മെട്രോ വീണ്ടും ഒരു പഠനം കൂടി നടത്തും. ഇത് മാർച്ചിൽ തുടങ്ങും.

പദ്ധതി
ചെലവ്: 135.37 കോടി
സ്ഥലം ഏറ്റെടുക്കലിന്: 81.5 കോടി
ഏറ്റെടുക്കുന്ന സ്ഥലം:1.34 ഹെക്ടർ

നാലുവരി ഫ്ളൈ ഓവർ
നീളം: 535 മീറ്റർ
വീതി: ഇരുദിശകളിലായി 15 മീറ്റർ
ഇരുവശത്തെയും സർവീസ് റോഡുകൾ: 5.5 മീറ്റർ