നടിയെ ആക്രമിച്ച കേസ് : വിചാരണ എന്ന് പുനരാരംഭിക്കുമെന്ന് ഇന്ന് അറിയാം

നടിയെ ആക്രമിച്ച കേസിൽ വിചാരണ എന്ന് പുനരാരംഭിക്കുമെന്ന് ഇന്ന് അറിയാം. എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിച്ച് വിചാരണ തിയതിയിൽ തീരുമാനം പറയും.തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അധിക കുറ്റപത്രം കേസിലെ ഏട്ടാം പ്രതി ദിലീപിനെയും സുഹൃത്ത് ശരത്തിനെയും കഴിഞ്ഞ ദിവസം വായിച്ചു കേൾപ്പിച്ചിരുന്നു. തുടർന്വേഷണത്തിലെ കണ്ടെത്തലുകൾ നടി ആക്രമണകേസിന്റെ വിചാരണ ഘട്ടത്തിൽ ഏറെ നിർണായകമാകും. വിചാരണ പുനരാരംഭിക്കുമ്പോൾ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റം കൂടി നിലനിൽക്കും.

തുടരന്വേഷണത്തിൽ 112 സാക്ഷികളും 300ലധികം അനുബന്ധ തെളിവുകളുമാണ് പുതുതായുണ്ട്. ഇതും കേസിന്റെ ഭാഗമാകും. ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. മഞ്ജു വാര്യരും ബാലചന്ദ്ര കുമാറും ആദ്യ പട്ടികയിലുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി അക്രമണക്കേസിൽ തുടരന്വേഷണം ഉണ്ടാകുന്നത്. തുടർന്ന് കേസിന്റെ വിചാരണ നിർത്തിവക്കുകയായിരുന്നു