പോത്തന്‍കോട് : ഭര്‍ത്താവ് എടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിക്കെത്തിയ കോടതി കമ്മിഷനു മുന്നില്‍ വീട്ടമ്മ പെട്രോള്‍ കൈവശം വച്ച് ആറുവയസുള്ള മകളേയും ചേര്‍ത്തു പിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
ആറു വര്‍ഷം മുന്‍പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ പോത്തന്‍കോട് കാരൂക്കോണം കൃപാ ഭവനില്‍ ശലഭ ( 30 )ആണ് ജപ്തി നടപടിക്കായെത്തിയവരെയും നാട്ടുകാരെയും മുള്‍മുനയിലാക്കിയത്.
ശലഭയുടെ വയോധികയായ മാതാവു മാത്രമാണ് കൂടെയുള്ളത്. കോടതി കമ്മിഷനെ സഹായിക്കാനെത്തിയ പോത്തന്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ എസ്.എസ് രാജീവ് വീട്ടമ്മയെ പറഞ്ഞ് ശാന്തമാക്കിതോടെയാണ് അവര്‍ ആത്മഹത്യാശ്രമത്തില്‍ നിന്നു പിന്‍വാങ്ങിയത്. കമ്മിഷന്‍ നടപടികള്‍ തടസ്സപ്പെടുത്തിയതിന് ശലഭയ്‌ക്കെതിരെ കേസെടുത്തു. വിവരം കമ്മീഷന്‍ സിജെഎം കോടതിയില്‍ റിപ്പോര്‍ട്ടു ചെയ്യും.
സമീപവാസികള്‍ വാങ്ങി നല്‍കിയ ഭക്ഷണം ജനലിലൂടെ പൊലീസ് ശലഭയ്ക്കും കുഞ്ഞിനും നല്‍കി. രാവിലെ മുതല്‍ ഭക്ഷണം പോലും കഴിക്കാതെ ഇവര്‍ വീടടച്ച് ഇരിക്കുകയായിരുന്നു. വിവാഹത്തിനു മുന്‍പ് 2013ല്‍ ഭര്‍ത്താവ് അറുമുഖന്‍ വ്യാവസായിക ആവശ്യത്തിനായി എസ്ബിഐ പോത്തന്‍കോട് ശാഖയില്‍ നിന്നും 35 ലക്ഷം വായ്പയെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ ആറു വര്‍ഷം മുന്‍പ് അറുമുഖന്‍ കുടുംബം വിട്ട് പോയി. ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതി പോത്തന്‍കോട് സ്റ്റേഷനില്‍ കൊടുത്തിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിനോക്കിയാണ് ശലഭ കുടുംബം പുലര്‍ത്തുന്നത്. വായ്പയില്‍ പലതവണയായി 25 ലക്ഷം തിരിച്ചടച്ചിരുന്നു. പലിശ ഒഴിവാക്കി മുതല്‍ തുക അടയ്ക്കാന്‍ നടപടിയുണ്ടാകണമെന്നു കാട്ടി ശലഭ ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. പൊലീസ് ഉറപ്പില്‍ താത്കാലിക ഒത്തു തീര്‍പ്പാക്കി.