ദില്ലി: ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് വർഷമാണ് അദ്ദേഹത്തിന്‍റെ കാലാവധി. അതേ സമയം ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യം ചർച്ചയായിരിക്കുകയാണ്. പിതാവ് വൈ വി ചന്ദ്രചൂഡിന്‍റെ പാത പിൻതുടർന്ന് ഒടുവിൽ പരമോന്നത നീതീപീഠത്തിന്‍റെ കാവാലാളായി ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്ശഭാ സ്പീക്കർ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങ് കാണാൻ ചന്ദ്രചൂഡിന്‍റെ അമ്മയുൾപ്പെടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. ചടങ്ങിന് പിന്നാലെ സുപ്രീം കോടതിയിലെ ഗാന്ധിപ്രതിമയിൽ മാലചാർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്‍റെ ഓഫീസിൽ എത്തി ഫയലുകളില്‍ ഒപ്പിട്ടു. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസായി അദ്ദേഹം ആദ്യം പരിഗണിച്ചത് ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയായിരുന്നു. ജസ്റ്റിസുമാരായ ഹിമാ കോഹ്ലി, ജെ ബി പർടിവാലാ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. 2024 നവംബർ പത്ത് വരെയാണ് ചിഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന്‍റെ കാലാവധി. അതെസമയം സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭാവം വലിയ ചർച്ചയായി കഴിഞ്ഞു.