ഹരിപ്പാട് : ദൃഢനിശ്ചയത്തോടെ പരിശ്രമിച്ചാൽ തടസ്സങ്ങളൊക്കെയും വഴിമാറുമെന്ന് തെളിയിച്ചിരിക്കുകയാണ് പള്ളിപ്പാട് കോട്ടക്കകം കുളത്തിന്റെ പടീറ്റത്തിൽ അജിത്കുമാർ (30). കഴിഞ്ഞ ദിവസം മുച്ചക്ര സ്കൂട്ടറിൽ വീട്ടിൽനിന്നു കുമാരപുരം പഞ്ചായത്ത് ഓഫിസിലെത്തി എൽഡി ക്ലാർക്കായി അജിത്കുമാർ ചുമതലയേറ്റു.
22–ാം വയസ്സിൽ അപ്രതീക്ഷിതമായി ഒരു ദിവസം അജിത്കുമാറിന്റെ കാലിന്റെ ചലനശേഷി കുറയുകയായിരുന്നു. പിന്നീട് ഇരുകാലുകളുടെയും ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. വിവിധ ആശുപത്രികളിൽ വർഷങ്ങളോളം ചികിത്സിച്ചു. നട്ടെല്ലിനുള്ളിൽ തടിപ്പുണ്ടായി രക്തം കട്ടപിടിച്ചതോടെയാണ് കാലിന്റെ ചലനശേഷി നഷ്ടമായതെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സയിൽ പുരോഗതിയുണ്ടായില്ല. ഇനിയൊരിക്കലും നടക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അജിത്കുമാർ ഒരു തീരുമാനമെടുത്തു – പഠിച്ച് സർക്കാർ ജോലി നേടും. പിന്നീട് അതിനായി കഠിന പരിശ്രമം ആരംഭിച്ചു.
കൂടുതൽ സമയവും കിടന്നുകൊണ്ടാണു പഠിച്ചത്. അധികസമയം എഴുന്നേറ്റിരിക്കാൻ കഴിയില്ല. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ചു. കഴിഞ്ഞ വർഷം പിഎസ്‌സി പരീക്ഷകളെഴുതി. ജില്ലയിലെ എൽഡിസി റാങ്ക് ലിസ്റ്റിൽ 364–ാം സ്ഥാനത്തും ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ 58–ാമതും എത്തി. ഭിന്നശേഷി വിഭാഗത്തിൽ രണ്ടു പട്ടികയിലും ഒന്നാം റാങ്ക് അജിത്കുമാറിനായിരുന്നു.