തിരുവനന്തപുരം: 'പണമല്ല അമ്മയുടെ സന്തോഷം ആണ് വലുത്' എന്ന് നിറഞ്ഞ മനസോടെ പറഞ്ഞുകൊണ്ട് സ്കൂട്ടറിൽ അമ്മയുമായി പര്യടനം നടത്തി ഒരു മകൻ. മാതൃ സങ്കല്പ യാത്രയുടെ രണ്ടാംഘട്ട പര്യടനത്തിൻ്റെ ഭാഗമായി മൈസൂർ ബോഗഡി സ്വദേശി 42 കാരനായ ദക്ഷിണാമൂർത്തി കൃഷ്ണകുമാറും 73 കാരി അമ്മ ചൂഢാരത്നമ്മയും തലസ്ഥാനത്ത്. രാജ്യത്തെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് അമ്മയും മകനും തിരുവനന്തപുരത്ത് എത്തിയത്. കൃഷ്ണകുമാറിൻ്റെ പിതാവ് ദക്ഷിണാമൂർത്തി മരിക്കുന്നതിന് മുൻപ് മകന് നൽകിയ താൻ ഉപയോഗിച്ച 20 വർഷത്തിലേറെ പഴക്കമുള്ള ബജാജ് ചേതക് സ്കൂട്ടറിൽ ആണ് അമ്മയും മകനും പര്യടനം നടത്തുന്നത്.
ഓഗസ്റ്റിൽ ആരംഭിച്ച രണ്ടാംഘട്ട പര്യടനത്തിൻ്റെ ഭാഗമായി കോട്ടയം, കൊല്ലം ജില്ലകള്‍ പിന്നിട്ടാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയത്. പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, പഴവങ്ങാടി, ശ്രീകണ്ഠേശ്വരം, തിരുവല്ലം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും വർക്കല ശിവഗിരി മഠവും ഇതിനോടകം ഇരുവരും സന്ദർശിച്ചു കഴിഞ്ഞു. ഒരു ദിവസം 75 കിലോമീറ്റർ വരെയാണ് പരമാവധി ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്നത്. അമ്പലങ്ങളിൽ അന്തിയുറങ്ങി അടുത്ത ദിവസം വീണ്ടും യാത്ര തുടരും. ഇതുവരെ 59,000 കിലോമീറ്ററിലധികം സ്കൂട്ടറിൽ തങ്ങൾ സഞ്ചരിച്ചു എന്ന് കൃഷ്ണകുമാർ പറയുന്നു. ഓഗസ്റ്റിൽ ആണ് രണ്ടാംഘട്ട യാത്ര ഇവർ തുടങ്ങിയത്. ഗുരുവായൂർ ക്ഷേത്രം ഉൾപ്പടെ പല പ്രധാന ക്ഷേത്രങ്ങളും ഇതിനോടകം ഇവർ സന്ദർശിച്ചു. കന്യാകുമാരിയിലെ ആണ് അടുത്തതായി തങ്ങൾ പോകുന്നത് എന്ന് കൃഷ്ണകുമാർ പറഞ്ഞു.
പത്തംഗ സംഘം ഉൾപ്പെടുന്ന കൂട്ടുകുടുംബം ആയിരുന്നു ഇവരുടേത്. രാവിലെ മുതൽ രാത്രി ഉറങ്ങുന്നത് വരെ ഭക്ഷണം ഉണ്ടാകുന്നതും, തുണി അലക്കുന്നതും ഉൾപ്പടെ എല്ലാ വീട്ടു ജോലികളും ചെയ്തത് തൻ്റെ അമ്മ ആണെന്ന് കൃഷ്ണകുമാർ പറയുന്നു. അതിനാൽ അമ്മയ്ക്ക് മറ്റൊന്നിനും സമയം ലഭിച്ചിരുന്നില്ല. താൻ ബാംഗ്ലൂരിൽ ജോലി നോക്കുമ്പോഴാണ് പിതാവ് മരിക്കുന്നത്. തുടർന്ന് നാട്ടിൽ എത്തിയ താൻ അമ്മയോട് കുറച്ച് തീർഥാടന സ്ഥലങ്ങളുടെ പേര് ചോദിച്ച് ഇതിൽ ഇവിടെ പോകണം എന്ന് ചോദിച്ചു. അപ്പോഴാണ് തനിക്ക് ഈ വീട് വിട്ട് അടുത്തുള്ള പ്രധാന തീർഥാടന കേന്ദ്രത്തിൽ പോലും പോകാൻ കഴിഞ്ഞിട്ടില്ല എന്ന് അമ്മ പറയുന്നത്.
ഇത് കേട്ട് തനിക്ക് ഒരുപാട് വിഷമം തോന്നി എന്നും അതോടെ ജോലി രാജിവച്ച് അമ്മയെ ഇന്ത്യ മുഴുവൻ കാണിച്ച് കൊടുക്കണം എന്ന ദൃഢപ്രതിജ്ഞ എടുത്തു എന്നും കൃഷ്ണകുമാർ പറഞ്ഞു. 2018 ജനുവരി 16 നാണ് മാതൃ സങ്കല്പ യാത്ര എന്ന പേരിൽ താൻ അമ്മയുമായി യാത്ര തിരിക്കുന്നത്. താൻ ഏക മകൻ ആണെന്നും അച്ഛൻ്റെ സ്കൂട്ടർ ഒപ്പമുള്ളത് അച്ഛൻ ഉള്ളത് പോലെ ആണെന്നും അതിനാൽ താനും അമ്മയും അച്ഛനും ഒരുമിച്ച് യാത്ര ചെയ്യുന്ന പോലെ ആണ് തനിക്ക് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ, ഭൂട്ടാൻ, മ്യന്മർ എന്നീ രാജ്യങ്ങളും സ്കൂട്ടറിൽ ഇവർ സഞ്ചരിച്ചു. അമ്മയുമായി സ്കൂട്ടറിൽ ലോകം ചുറ്റുന്നതിന് ആനന്ദ് മഹീന്ദ്ര ഇവർക്ക് കാർ സമ്മാനമായി നൽകിയിരുന്നു.