വയലിനിസ്റ്റ് അലോഷി അന്തരിച്ചു; തെരുവിന്റെ വയലിൻനാദം ഇനിയില്ല

കടലിലെ തിരകളോടൊപ്പം അലോഷിയുടെ വയലിൻ ഇനി പാടില്ല. കൊല്ലം ബീച്ചിൽ ടൈയും കെട്ടി വയലിനുമായി ശ്രുതിമീട്ടുവാൻ ഇനി അലോഷിയില്ല. കൊല്ലം ബീച്ചിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും വയലിൻ വായിച്ചുനടന്ന കുരീപ്പുഴ സ്വദേശി അലോഷ്യസ്‌ ഫെർണാണ്ടസ്‌ (78) അന്തരിച്ചു. കുടുംബവുമായി അകന്നുകഴിഞ്ഞ അലോഷ്യസ്‌ വെള്ളിയാഴ്ച വൈകിട്ടാണ്‌ കോയിവിള ബിഷപ്പ്‌ ജറോം അഗതിമന്ദിരത്തിൽ മരിച്ചത്‌. സംസ്‌കാരം ശനിയാഴ്‌ച ഇരവിപുരം സെന്റ്‌ ജോൺസ്‌ വലിയപള്ളിയിൽ നടക്കും. 

അലോഷ്യസ് പഠിച്ചതും വളർന്നതും മുംബൈയിൽ. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ എയർലൈൻസിന്റെ സാങ്കേതികവിഭാഗത്തിൽ ജോലി കിട്ടി. പിന്നീട്‌ നാട്ടിലെത്തിയ ശേഷം വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു. ബീച്ചിൽ വയലിൻ വായിച്ചുനടന്നിരുന്ന അലോഷ്യസ്‌ എല്ലാവർക്കും സുപരിചിതനായിരുന്നു.

കഴിഞ്ഞദിവസം ചിന്നക്കട ഹെഡ്‌പോസ്റ്റ്‌ ഓഫീസിനു സമീപം അവശനിലയിൽ കണ്ടെത്തിയ അലോഷിയെ പൊലീസ്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന്‌ അവിടെനിന്ന് പുറത്തിറങ്ങിയ അലോഷ്യസിനെ ശക്തികുളങ്ങരയിൽവച്ച്‌ ജീവകാരുണ്യ പ്രവർത്തകരാണ്‌ കോയിവിള അഗതിമന്ദിരത്തിൽ എത്തിച്ചത്‌. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

രണ്ടു മക്കളുള്ളത് ഉയർന്ന ഉദ്യോഗസ്ഥരാണ്. വീട്ടുകാരോടും കുടുംബത്തിനോടും അധികം അടുപ്പമില്ല.ജീവിതതാളം തെറ്റിയെങ്കിലും വയലിന്റെ താളം അലോഷ്യസിന് പിഴയ്ക്കാറില്ല. ‘സുമംഗലീ നീ ഓർമിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം..’ എന്ന് അലോഷ്യസിന്റെ വയലിൻ പാടുമ്പോൾ അറിയാതെ ഓർമകളുടെ തീരത്തേക്ക് നമ്മളും പോകും. അവിടെ നിന്നും പെട്ടന്നായിരുന്നു മുഹമ്മദ് റാഫിയുടെ സംഗീതത്തിലേക്ക് കടക്കുന്നത്.ആവശ്യക്കാർ ചോദിച്ചാൽ അവർക്കിഷ്ടമുള്ള പാട്ടുകൾ അലോഷ്യസ് സെബാസ്റ്റ്യൻ ഫെർണാണ്ടസ് പാടും.