പുതിയ അപ്ഡേറ്റ് അനുസരിച്ച് ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇനി എളുപ്പത്തിൽ ഉപയോഗിക്കാം
ജോലി ചെയ്യുന്നവർക്കും സ്വന്തമായി സംരംഭമുള്ളവർക്കുമൊന്നും ജി മെയിൽ ഇല്ലാത്ത ഒരു അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല. ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന ഇ മെയിൽ സംവിധാനമാണ് ജി മെയിൽ. ഇപ്പോഴിതാ ജി മെയിലിലും പുതിയ പുതിയ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് നേരത്തെ ജി മെയിലിന്റെ ഇന്റർഫേസ് മാറ്റിയിരുന്നു. ഈ വർഷം തന്നെ പുതിയ ലേ ഔട്ടിലേക്കും ജി മെയിലിനെ മാറ്റിയിരുന്നു എങ്കിലും പഴയ സൗകര്യം ഇപ്പോഴും ജി മെയിലിൽ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് വന്ന സ്ഥിതിയ്ക്ക് ഇനി മുതൽ പഴയ ലേ ഔട്ട് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ രൂപത്തിലേക്ക് ജിമെയിൽ അപ്ഡേറ്റ് ചെയ്തത് ഫെബ്രുവരിയിലാണ്. പതിയെ ഇത് കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. കൂടാതെ പുതിയ ഡിസൈൻ ഇഷ്ടപ്പെടാത്ത ഉപയോക്താക്കൾ ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഴയ ഡിസൈൻ തന്നെ ഉപയോഗിക്കാനുള്ള ഓപ്ഷൻ ഇതുവരെ നൽകിയിരുന്നത്.
പുതിയ അപ്ഡേറ്റ് അനുസരിച്ച് ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇനി എളുപ്പത്തിൽ ഉപയോഗിക്കാം. ഇപ്പോൾ ജി മെയിൽ ഓപ്പൺ ചെയ്താൽ ഇടതുഭാഗത്ത് ജി മെയിൽ, ചാറ്റ്, സ്‌പെയ്‌സസ്, മീറ്റ് എന്നിവ കാണാനാവും. ഈ വിധത്തിലാണ് പുതിയ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജി മെയിലിന്റെ സേവനങ്ങൾ വേഗത്തിൽ ഉപയോഗിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ചാറ്റ് ഓൺ ആക്കിയിട്ടാൽ ഉപയോക്താക്കളുടെ ജി മെയിലിന്റെ വിൻഡോയിൽ ജി മെയിൽ, ചാറ്റ്, സ്‌പേസസ്, മീറ്റ് എന്നീ ബട്ടണുകൾ കാണാനാകും. ഇതാണ് പുതിയ ഡിസൈൻ. പുതിയ അപ്ഡേറ്റനുസരിച്ച് വിൻഡോയിൽ ആവശ്യമുള്ള ഓപ്ഷനുകൾ നിലനിർത്താനും എളുപ്പം ഉപയോഗിക്കാനും കഴിയും.
മുൻ വർഷങ്ങളിലെ കണക്കുകൾ പ്രകാരം 1.8 ബില്യണിലധികം ആളുകൾ ജി മെയിൽ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇ മെയിൽ ക്ലയന്റ് മാർക്കറ്റ് ഷെയറിന്റെ 18 ശതമാനം ഉള്ളതാകട്ടെ ഗൂഗിളിന്റെ ജി മെയിൽ സേവനത്തിന്റെ പേരിലാണ്. ഏകദേശം 75 ശതമാനം ആളുകളും ജിമെയിൽ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ വഴിയും ലാപ്ടോപ്പു വഴിയും ജി മെയിൽ ഉപയോഗിക്കുന്നവരാണ് ഏറെയും. അടുത്തിടെയാണ് ഓഫ്ലൈനായി ജി മെയിലുകൾ ഉപയോഗിക്കാനുള്ള സംവിധാനം ഗൂഗിൾ ഒരുക്കിയത്.